തിരുവമ്പാടിയിലെ കശപിശ: മണ്ണൊരുക്കുന്നത് ഇടുക്കി സ്റ്റൈല്‍ വിളവെടുപ്പിന്

കോഴിക്കോട്: കുംഭച്ചൂടില്‍ വിവാദങ്ങളുടെ പെരുമഴ പെയ്യിച്ച് തിരുവമ്പാടിയിലെ മണ്ണ് പാകപ്പെടുത്തുന്നത് ഇടുക്കിമോഡല്‍ വിളവെടുപ്പിന്. ഗാഡ്ഗിലും കസ്തൂരിരംഗനും സൃഷ്ടിച്ച അലയൊലികള്‍ മാഞ്ഞ് ഉറച്ചുപോയ നിലമാണ് ഇതിനായി വീണ്ടും ഉഴുതുമറിക്കുന്നത്. മലയോരകര്‍ഷകരുടെ പ്രതിഷേധത്തിരയില്‍ കരപറ്റിയ ഇടുക്കി എം.പി ജോയ്സ് ജോര്‍ജിനെ റോള്‍മോഡലാക്കിയാണ് താമരശ്ശേരി രൂപതയുടെ പുറപ്പാട്. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ കരുത്തനായ സാരഥി ഡീന്‍ കുര്യാക്കോസിനെ അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്‍. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മതമേലധ്യക്ഷന്മാരുടെ ഇടപെടലിനെതിരെ ഉയര്‍ന്ന വിമര്‍ശംപോലും ഗൗനിക്കാതെയാണ് മലയോര കര്‍ഷകരെ മുന്നില്‍നിര്‍ത്തി രൂപതയുടെ പ്രയാണം.
യു.ഡി.എഫ് കനിഞ്ഞില്ളെങ്കില്‍ സി.പി.എമ്മിനെ കൂടി ഒപ്പംകൂട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് രൂപതയുടെ നിയന്ത്രണത്തിലുള്ള മലയോര വികസനസമിതി ആലോചിക്കുന്നത്. യു.ഡി.എഫ് സിറ്റിങ് സീറ്റ് സ്വന്തമാക്കുന്നതിന് കൈയയച്ച് സഹായിക്കാന്‍ സി.പി.എമ്മും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചര്‍ച്ചക്ക് തയാറാണെന്നും സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

പ്രാദേശികതലത്തില്‍ സി.പി.എം ഭാരവാഹികളുമായി വികസനസമിതി പ്രവര്‍ത്തകര്‍ ഇതിനകം ഒട്ടേറെ ചര്‍ച്ചകളും നടത്തി. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയ വേളയില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസിലെ പി.ടി. തോമസിനെ പുകച്ചുചാടിക്കാന്‍ കഴിഞ്ഞെങ്കില്‍ തിരുവമ്പാടിയില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്‍െറ മുന്നോടിയാണ് ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പരസ്യമായി രൂപതാ വക്താക്കള്‍ രംഗത്തുവന്നത്.
കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണമെന്നും സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്നുമാണ് വികസനസമിതിയുടെ ആവശ്യം. കാലങ്ങളായി ലീഗ് മത്സരിക്കുന്ന സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെടാന്‍ വികസനസമിതിക്ക് എന്ത് ന്യായമുണ്ടെന്നാണ് ലീഗിന്‍െറ മറുചോദ്യം. മണ്ഡലത്തില്‍ പരാജയപ്പെട്ടാലും പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്ന പ്രശ്നമില്ളെന്നും ലീഗ് തുറന്നടിച്ചു. ലീഗിനു പിന്നാലെ കോണ്‍ഗ്രസും കൈമലര്‍ത്തിയതോടെയാണ് മണ്ഡലം വെച്ചുമാറാന്‍ സന്നദ്ധത അറിയിച്ചുള്ള ഉടമ്പടിയുടെ രേഖ പുറത്തുവിട്ടത്. എന്നാല്‍, ഇതൊക്കെ സീറ്റുവിഭജന വേളയിലെ പതിവ് കാര്യങ്ങളായാണ് ലീഗ് നേതാക്കള്‍ കാണുന്നത്.

ജനസംഖ്യാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പിന്നാലെയാണ് മണ്ഡലത്തില്‍ ക്രിസ്ത്യനികളുടെ കണക്ക്. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളില്‍ മാത്രം ഭൂരിപക്ഷമുള്ള വിഭാഗം കര്‍ഷകരുടെ പേരുപറഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരാവണമെന്ന് നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. സമുദായസംഘടനകള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാമെന്നല്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ശരിയല്ളെന്ന് കെ.പി.സി.സിയുടെ മുതിര്‍ന്ന ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ, ‘സര്‍വസമ്മതനായ’ സ്ഥാനാര്‍ഥിക്കുവേണ്ടി എ.ഐ.സി.സി തലത്തിലും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ പ്രശ്നം കത്തിനിന്ന വേളയില്‍ സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് തലപ്പത്തേക്ക് ഉമ്മന്‍ വി. ഉമ്മനെ നിശ്ചയിച്ച് പയറ്റിയ അതേ തന്ത്രമാണ് പരീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.