എല്‍.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ വഴിമുട്ടിനില്‍ക്കുന്ന സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. ആദ്യചര്‍ച്ച സി.പി.ഐയും സി.പി.എമ്മും തമ്മിലാണ്. ഈമാസം 25ന് എ.കെ.ജി സെന്‍ററിലാണ് സി.പി.ഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ച. മറ്റു കക്ഷികളുമായി വരുംദിവസങ്ങളില്‍ ചര്‍ച്ചനടക്കും. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട സി.പി.ഐയോട് നിലവിലെ സീറ്റുകളില്‍ ചിലത് ത്യാഗംചെയ്യാന്‍ സി.പി.എം ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

2011ല്‍ 27 സീറ്റുകളില്‍ മത്സരിച്ച സി.പി.ഐ ഇത്തവണ 29 സീറ്റാണ് ആവശ്യപ്പെടുന്നത്. മുന്നണിയോട് പുതിയ കക്ഷികള്‍ സഹകരിക്കുന്ന സാഹചര്യത്തില്‍ 27ല്‍നിന്ന് രണ്ട് സീറ്റ് വിട്ടുനല്‍കണമെന്നാണ് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍, സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ളെന്ന് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി.

27 സീറ്റുകള്‍ കൂടാതെ, ഇരവിപുരമോ കുന്നത്തൂരോ കൂടി നല്‍കണം, വടക്കന്‍ ജില്ലകളില്‍ എവിടെയെങ്കിലും ഒരു സീറ്റ് എന്നിവയാണ് സി.പി.ഐയുടെ ആവശ്യം. ഇപ്പോള്‍ സീറ്റില്ലാത്ത വയനാട്ടിലാണ് നേതൃത്വത്തിന്‍െറ കണ്ണ്. പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.ഐ ഒരു സീറ്റ് വിട്ടുതന്നാല്‍ മതിയെന്ന നിലപാട് സി.പി.എം സ്വീകരിച്ചു. അതിനും സി.പി.ഐ വഴങ്ങിയില്ല. ഇതിനിടെ സ്വന്തം സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സി.പി.എം നേതൃത്വം മുഴുകിയതോടെ ഉഭയകക്ഷി ചര്‍ച്ച നിര്‍ത്തിവെച്ചു. ഏപ്രില്‍ അഞ്ചിനാണ് ഇനി എല്‍.ഡി.എഫ് ചേരുക.
എല്‍.ഡി.എഫിലെ പ്രധാന പാര്‍ട്ടികള്‍ സമവായത്തിലത്തൊത്തത് മറ്റു ഘടകകക്ഷികളുടെയും സഹകരിക്കുന്ന പാര്‍ട്ടികളുടെയും സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ളെന്ന നിലപാടിലാണ് സി.പി.ഐ. പല സന്ദര്‍ഭങ്ങളിലായി മുന്നണി വിട്ടുപോയ കക്ഷികളുടെ സീറ്റ് സി.പി.എമ്മാണ് ഏറ്റെടുത്തതെന്നും അതും സ്വതന്ത്രരെ നിര്‍ത്തുന്ന സീറ്റുകളും വിട്ടുകൊടുത്താല്‍ മതിയെന്നും സി.പി.ഐ നേതൃത്വം അറിയിച്ചു. കഴിഞ്ഞ തവണ ഒമ്പത് സ്വതന്ത്രര്‍ ഉള്‍പ്പെടെ 93 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. തങ്ങള്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറാണെന്നും പക്ഷേ, മറ്റു ഘടകകക്ഷികള്‍ കൂടി സഹകരിക്കണമെന്നും സി.പി.എം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടവരോട് നല്‍കാനാവില്ളെന്നും വ്യക്തമാക്കി. ജനതാദള്‍ (എസ്), കേരളാ കോണ്‍ഗ്രസ് (സ്കറിയാ തോമസ്), കോണ്‍ഗ്രസ് (എസ്), ഐ.എന്‍.എല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.