എന്‍.സി.പിയിൽ മന്ത്രിസ്ഥാനം വീതംവെക്കും; ആദ്യ രണ്ടര വർഷം ശശീന്ദ്രന്

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ 24 മണിക്കൂര്‍ തികച്ചില്ളെന്നിരിക്കെ, പ്രധാന കക്ഷികള്‍ക്ക് തലവേദനയായി എല്‍.ഡി.എഫിലെ ചെറുകക്ഷികളിലെ തമ്മിലടി. ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മും രണ്ടാമത്തെ കക്ഷിയായ സി.പി.ഐയും തങ്ങളുടെ മന്ത്രിമാരെ നിശ്ചയിച്ചിട്ടും മൂന്ന് എം.എല്‍.എമാരുള്ള ജനതാദള്‍-എസില്‍ തര്‍ക്കം തുടരുകയാണ്. രണ്ട് സാമാജികര്‍ മാത്രമുള്ള എന്‍.സി.പി യില്‍ തര്‍ക്കം ഇന്നലെ രാത്രിയോടെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  

ജനതാദളിന്‍െറ എം.എല്‍.എമാരായ സി.കെ. നാണു, കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നപ്പോള്‍ നാണു മന്ത്രിയായി നിര്‍ദേശിച്ചത് കൃഷ്ണന്‍ കുട്ടിയെയായിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ മാത്യു ടി. തോമസ് തയാറായില്ല. താന്‍ പ്രചാരണം നടത്തിയത് ഭാവി മന്ത്രിയെന്ന നിലയിലായിരുന്നു. അതിനാല്‍ മന്ത്രിസ്ഥാനം ഇല്ലാതെ മണ്ഡലത്തില്‍ പോകാന്‍ കഴിയില്ളെന്നായിരുന്നു നിലപാട്. തുടര്‍ന്ന് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. എന്നാല്‍ തിങ്കളാഴ്ച രാത്രിവരെ ദേശീയ പ്രസിഡന്‍റ് എച്ച്.ഡി. ദേവഗൗഡയില്‍നിന്ന് തീരുമാനം ഉണ്ടായിട്ടില്ല.  

അതേ സമയം കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വടകര റെസ്റ്റ് ഹൗസില്‍ രഹസ്യയോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി. വടകരയില്‍നിന്ന് വിജയിച്ച സി.കെ. നാണുവും യോഗത്തില്‍ സംബന്ധിച്ചു. നാണുവിന്‍െറ പിന്തുണ ഉറപ്പാക്കാനാണ് വടകരയില്‍ യോഗം ചേര്‍ന്നത്. കൃഷ്ണന്‍കുട്ടിക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ജനതാദള്‍-എസ് നേതാക്കളായ അഡ്വ. എം.കെ. പ്രേംനാഥ്, പി. ചാമുണ്ണി, പി.പി. ദിവാകരന്‍, കലാജിത്ത്, പി.പി. രാജന്‍, കെ. പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു. 14 നിര്‍വാഹക  സമിതിയില്‍ ഒമ്പത് പേരും കൃഷ്ണന്‍ കുട്ടിക്ക് ഒപ്പമാണെന്നും പറയുന്നുണ്ട്

അതേ സമയം എന്‍.സി.പിയുടെ മന്ത്രി സ്ഥാനം സംബന്ധിച്ച് രാത്രി വൈകി തീരുമാനമായി. ഇരുവരും രണ്ടര വര്‍ഷം വീതം മന്ത്രിമാരാകാനാണ് ദേശീയ നേതൃത്വത്തിന്‍െറ നിര്‍ദേശം. ആദ്യം ശശീന്ദ്രന്‍ മന്ത്രിയാകും. ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടാകും.  ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ അവസാന നിമിഷം തീരുമാനിച്ചത്. വകുപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമെടുക്കും. ഇ എന്‍.സി.പിയിലെ തന്നെ തോമസ് ചാണ്ടിയും മന്ത്രിയാകുന്നത് സംബന്ധിച്ച് അവകാശവാദമുണ്ടായതിനാലാണ് പ്രശ്നപരിഹാരത്തിന് സംസ്ഥാന നേതൃത്വം അഖിലേന്ത്യാ നേതൃത്വത്തിന് വിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.