പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു; മാണി ഗ്രൂപ് എം.എല്‍.എമാര്‍ക്ക് അമര്‍ഷം

കോട്ടയം: കെ.എം. മാണിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും സ്വത്തുവിവരം പൂര്‍ണമായി ശേഖരിക്കാനും വിജിലന്‍സ് മേധാവി ഉത്തരവിട്ടതോടെ പിടിച്ചു നില്‍ക്കാനാകാതെ മാണിയും കേരള കോണ്‍ഗ്രസ് നേതൃത്വവും കടുത്ത പ്രതിസന്ധിയില്‍.ഒരു മുന്നണിയിലും ഇല്ലാതെ വെറും പ്രാദേശിക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് എത്രനാള്‍ മുന്നോട്ടു പോകാനാകുമെന്ന് എം.എല്‍.എമാരുടെ യോഗത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു മുന്നില്‍ മാണി പതറിയെന്നാണ് വിവരം. ഇതേതുടര്‍ന്ന് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച കോട്ടയത്ത് എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം വിളിക്കാനും തീരുമാനമായി.പാര്‍ട്ടി ജില്ലാ കണ്‍വെന്‍ഷനും അന്നു നടക്കും.

ആരോപണങ്ങള്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്നാരോപിച്ചും നേതാക്കളെ കടന്നാക്രമിച്ചും മുഖം  രക്ഷിക്കാന്‍ ശ്രമിച്ച മാണിക്കെതിരെ ദിനംപ്രതി വിജിലന്‍സ് പുതിയ കേസുകള്‍ കണ്ടത്തെുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരും പ്രമുഖ നേതാക്കളും അസ്വസ്ഥരാണ്.പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ മാണിക്കെതിരെ ചിലര്‍ ശക്തമായി പ്രതികരിച്ചു.ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ അവസ്ഥ എന്താകുമെന്നു ചില എം.എല്‍.എമാര്‍ ചോദിച്ചപ്പോള്‍ മൗനം തുടരുന്ന പി.ജെ. ജോസഫിനെതിരെയും ചിലര്‍ പ്രതികരിച്ചുവത്രേ.വിജിലന്‍സ് മേധാവി ജേക്കബ് തോമസ് വൈരാഗ്യം തീര്‍ക്കുകയാണെന്ന മാണിയുടെ അഭിപ്രായത്തോട് എം.എല്‍.എമാരും യോജിച്ചു. എന്നാല്‍, മാണിയെ പിന്തുണച്ചു രംഗത്തുവരാന്‍ പലരും മടിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്‍െറയും ബിനാമികളുടെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് നടത്തുന്ന പരിശോധനയുടെ അടുത്തഘട്ടം മാണിയിലേക്കും നീളുമെന്നും ഉറപ്പായി.യു.ഡി.എഫ് വിട്ട മാണിക്ക് പ്രതിരോധ കവചമൊരുക്കാന്‍ പഴയ സുഹൃത്തുക്കള്‍ ആരും ഇന്നില്ല.വിജിലന്‍സ് മാണിയെ വരിഞ്ഞുമുറുക്കുമ്പോള്‍ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതവും ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം, മാണിക്കെതിരെ തെളിവുകളുമായി അന്വേഷണ സംഘം ഉടന്‍ അടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിജിലന്‍സ് ഉന്നതര്‍ സൂചന നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.