അണ്ണാ ഡി.എം.കെയില്‍ ഉരുള്‍പൊട്ടല്‍ പ്രതീക്ഷിച്ച് ഡി.എം.കെ; കരുക്കള്‍ നീക്കി ബി.ജെ.പിയും

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളക്കുന്നെന്ന കണക്കുകൂട്ടലില്‍ ഡി.എം.കെ നേതൃത്വം. അണ്ണാ ഡി.എം.കെ ഇനിയും നാലരവര്‍ഷക്കാലം ഭരണത്തിലുണ്ടാകും. എന്നാല്‍, ഇത്രയുംകാലം കാത്തിരിക്കാന്‍ ഡി.എം.കെ ഒരുക്കമല്ളെന്നാണ് ലഭിക്കുന്ന സൂചന. ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെയില്‍ ശക്തമായ ഉരുള്‍പൊട്ടലാണ് ഡി.എം.കെ പ്രതീക്ഷിക്കുന്നത്. 234 അംഗ നിയമസഭയില്‍ അണ്ണാ ഡി.എം.കെക്ക് 135 അംഗങ്ങളും ഡി.എം.കെക്ക് 89 അംഗങ്ങളുമുണ്ട്. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നിവ കൂടി ചേരുമ്പോള്‍ ഡി.എം.കെ മുന്നണിക്ക് 98 സീറ്റുണ്ട്. 20 സീറ്റ് കൂടി കിട്ടിയാല്‍ ഭരണം കൈക്കലാക്കാം. എന്നാല്‍, കൂറുമാറ്റ നിരോധന നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ അണ്ണാ ഡി.എം.കെയില്‍നിന്ന് ഒറ്റയടിക്ക് ചുരുങ്ങിയത് 45 എം.എല്‍.എമാരെങ്കിലും മറുകണ്ടം ചാടണം. എന്നാല്‍, അതിനുള്ള സാധ്യത എത്രയെന്നാണ് അറിയാനുള്ളത്. അതിനിടെയാണ് അണ്ണാ ഡി.എം.കെയെ മുഴുവനായും ഹൈജാക്ക് ചെയ്യാനുള്ള ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍െറ ശ്രമം ഒരു ഭാഗത്ത് നടക്കുന്നത്. പാര്‍ലമെന്‍റില്‍ അണ്ണാ ഡി.എം.കെക്ക് 50 അംഗങ്ങളുണ്ട്. ഇവരുടെ പിന്തുണ വരുംകാലത്ത് ബി.ജെ.പിക്ക് നിര്‍ണായകമാണ്. ജി.എസ്.ടി ബില്ലിന് ജയലളിത നേരത്തെ പിന്തുണ നല്‍കിയിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രശ്നത്തില്‍ പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധത്തില്‍ അണ്ണാ ഡി.എം.കെ ചേര്‍ന്നിരുന്നില്ളെന്നതും ശ്രദ്ധേയമാണ്. ഇവരെ സഖ്യകക്ഷിയാക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Tags:    
News Summary - aiadmk after jaya's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.