സമരത്തില്‍ സഹകരിച്ച് എല്‍.ഡി.എഫും യു.ഡി.എഫും

തിരുവനന്തപുരം: ജനകീയപ്രശ്നത്തിലൂന്നി സമരരംഗത്ത് എല്‍.ഡി.എഫും യു.ഡി.എഫും കൈകോര്‍ക്കുന്നു. മുമ്പ് നിര്‍ണായകഘട്ടങ്ങളില്‍ മാത്രമാണ് സംസ്ഥാനത്ത് കക്ഷിഭേദമന്യേ ഇരുമുന്നണികളും ഒന്നിച്ചിട്ടുള്ളത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍പോലും പ്രത്യേകം സമരമുഖം തുറന്ന ചരിത്രമാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. എന്നാല്‍, കേരളത്തിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണമേഖലയുടെ നിലനില്‍പുതന്നെ ചോദ്യംചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ രാഷ്ട്രീയസമവാക്യം തിരുത്തി മുന്നണിനേതൃത്വങ്ങള്‍ സമവായത്തിലത്തെി.

ഭരണത്തിലിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങുന്ന പതിവാണ് എല്‍.ഡി.എഫിനുള്ളത്. പലപ്പോഴും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാറാവുമ്പോള്‍ പരസ്പര രാഷ്ട്രീയ ആരോപണങ്ങളിലേക്ക് ദിശമാറുകയാണ് പതിവ്. പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം യു.ഡി.എഫും ബി.ജെ.പിയും ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

സമൂഹത്തിലെ സാധാരണക്കാര്‍ പണം നിക്ഷേപിച്ച് കെട്ടിപ്പടുത്ത സഹകരണമേഖലയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാറിനെതിരായ സമരത്തില്‍ പ്രതിപക്ഷത്തെ ഒപ്പംചേര്‍ക്കാന്‍ എല്‍.ഡി.എഫിനായി. സഹകരണ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ഇടതുപക്ഷവും യു.ഡി.എഫും ഒന്നിച്ചതോടെ ബി.ജെ.പി കടുത്ത രാഷ്ട്രീയദൗര്‍ബല്യത്തിലേക്ക് തള്ളപ്പെടുകയും ചെയ്തു.

തലസ്ഥാനത്ത് ആര്‍.ബി.ഐക്ക് മുന്നില്‍ മന്ത്രിമാരെ അണിനിരത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുപകല്‍ മുഴുവന്‍ സത്യഗ്രഹം നടത്തി. ഇതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പിന്തുണ പ്രഖ്യാപിച്ചു. സഹകരണ മേഖലയെ നോട്ട് മാറുന്നതില്‍നിന്ന് ഒഴിവാക്കിയത് വഴിയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ യു.ഡി.എഫ് നേതൃത്വം മുന്നോട്ടുവെച്ച നിര്‍ദേശം സര്‍ക്കാറും സ്വീകരിച്ചു. തിങ്കളാഴ്ച സര്‍വകക്ഷിയോഗശേഷം ഒരുമിച്ച് മുന്നോട്ട് പോകാനാണ് ധാരണ.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയുടെ കള്ളപ്പണമുണ്ടെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കള്‍ യു.ഡി.എഫിന്‍െറയും എല്‍.ഡി.എഫിന്‍െറയും രാഷ്ട്രീയ പ്രത്യാക്രമണത്തില്‍ പ്രതിരോധത്തിലായി.

കണ്ണൂര്‍, കാസര്‍കോട് മേഖലയെ ലക്ഷ്യംവെച്ചാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചതെങ്കിലും തങ്ങള്‍ക്കുതന്നെ തിരിച്ചടിയുണ്ടാവുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്. കക്ഷിഭേദമന്യേ സഹകരണ മേഖലയെ വലിയതോതില്‍ ആശ്രയിക്കുന്ന മലബാര്‍ മേഖലയിലെ ജനവിഭാഗത്തില്‍നിന്നുള്ള ഒറ്റപ്പെടലിലേക്ക് ഇത് വഴിവെക്കുമെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്. ആക്രമണോത്സുക നിലപാട് പൊതുസമൂഹത്തില്‍ ബി.ജെ.പിയെ ജനവിരുദ്ധപക്ഷത്തും എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ജനപക്ഷത്തും പ്രതിഷ്ഠിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - anti currency ban udf ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.