അഹ്മദാബാദ്: മാർച്ച് തുടക്കത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിൽ ആളൊരുക്കം തുടങ്ങിയെന ്ന് മാത്രമല്ല, സഖ്യചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്. കോൺഗ്രസ് അടക്കമുള്ള മ റ്റു പാർട്ടികളെ നിഷ്പ്രഭമാക്കി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും (26) നേടിയ ബി.ജെ.പി ഇത്തവണ ഏറക്കുറെ ഒറ്റക്കു തന്നെയാണ് പോരിനിറങ്ങുക.
കഴിഞ്ഞ നിയമസ ഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഇത്തവണ പ്രതീക്ഷയിലാണ്. ദ േശീയ തലത്തിലുള്ള തിരിച്ചുവരവും ഗുജറാത്തിലെ ഇപ്പോഴത്തെ വിവിധ സാഹചര്യങ്ങളും തങ് ങൾക്ക് അനുകൂലമാക്കാനുള്ള നോട്ടത്തിലാണ് കോൺഗ്രസ്. ഇതിനായി, പരമാവധി സഖ്യസാധ്യത കൾ തേടുകയാണ് ഗുജറാത്ത് കോൺഗ്രസ്. മുഖ്യമന്ത്രി വിജയ് രൂപാണിയും സംസ്ഥാന അധ്യക്ഷൻ ജിതേന്ദ്ര വഗാനിയുമാണ് സംസ്ഥാന തലത്തിൽ ബി.ജെ.പിയുടെ മുഖങ്ങൾ. അമിത് ചാവ്ഡയാണ് സംസ്ഥാന കോൺഗ്രസിന് നേതൃത്വം വഹിക ്കുന്നത്. എന്നാൽ, പോരാട്ടം ഗുജറാത്തിലായതിനാൽ മുഖാമുഖം നിൽക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തന്നെയായിരിക്കും.
എൻ.സി.പി മുതൽ ബി.ടി.പി വരെ
2017 നിയമസഭ തെര ഞ്ഞെടുപ്പിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) യുമായി ഒരു സഖ്യവുമില്ലെന് ന് പ്രഖ്യാപിച്ച കോൺഗ്രസ് എൻ.സി.പിയുമായും മറ്റു ചെറു പാർട്ടികളുമായും ചേർന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് അറിവായിട്ടുണ്ട്. എന്നാൽ, പാർട്ടി ഹൈകമാൻഡാണ് ഇതു സംബന്ധിച്ച അന്തിമതീരുമാനം എടുക്കുകയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് വലിയ സ്വാധീനമൊന്നും ഇല്ലാത്ത എൻ.സി.പിക്ക് ഒരു സീറ്റിലധികമൊന്നും നൽകാനിടയില്ലെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഒരു സീറ്റാണ് എൻ.സി.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ് 77 സീറ്റിലും ജയിച്ചിട്ടുണ്ട്. ഇതിൽ രണ്ടു എം.എൽ.എമാർ പിന്നീട് ബി.ജെ.പിയിൽ ചേരുകയുണ്ടായി.
ഗുജറാത്ത് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പു സഖ്യം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ചർച്ചകൾ നടത്തിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പേട്ടൽ പറഞ്ഞു. ഫെബ്രുവരി 13ന് നടന്ന ചർച്ചയിൽ ഗുജറാത്തിൽ മൂന്നു സീറ്റു വേണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടതെന്നും പേട്ടൽ പറയുന്നു.
2014നു മുമ്പ് മുമ്പ് കോൺഗ്രസ് വിജയിച്ചിരുന്ന മൂന്നു സീറ്റുകളാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ പഞ്ച്മഹൽ സീറ്റ്, ഇൗയിടെ എൻ.സി.പിയിലേക്ക് കളം മാറിയ മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഗേലക്ക് വേണ്ടിയാണ് ആവശ്യപ്പെട്ടെതന്ന് സൂചനയുണ്ട്. ഇൗ മണ്ഡലത്തിൽ മുസ്ലിം, ക്ഷത്രിയ വോട്ടുകൾ നിർണായകമാണ്.
പ്രമുഖ ആദിവാസി പാർട്ടിയായ ഭാരതീയ ട്രൈബൽ പാർട്ടി (ബി.ടി.പി) നേതാവായ ചോട്ടുഭായ് വാസവ ബറൂച്ച് മണ്ഡലം ലക്ഷ്യമിട്ട് കോൺഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തിന് 40 ശതമാനം വോട്ടുള്ള മണ്ഡലമാണിത്.
കോൺഗ്രസ് ട്രഷറർ അഹമ്മദ് പേട്ടൽ 1977, 80, 84 വർഷങ്ങളിൽ വിജയിച്ചത് ബറൂച്ചിൽനിന്നാണ്. എന്നാൽ, 84 മുതൽ ബി.ജെ.പിയാണ് ഇവിടെ ജയിച്ചു വരുന്നത്. കോൺഗ്രസ്, ബി.ജെ.പി, ബി.ടി.പി എന്നിങ്ങനെ ത്രികോണ മത്സരത്തിലൂടെയാണ് ഇവിടെ ബി.ജെ.പി ജയിക്കാറ്. ഇത്തവണ മണ്ഡലം തെൻറ പാർട്ടിക്ക് നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചുവെന്ന് വാസവ പറയുന്നു. ‘‘ഇതിനു പ്രത്യുപകാരമായി മറ്റു ആദിവാസി മേഖലകളിൽ ബി.ടി.പിയുടെ പിന്തുണ കോൺഗ്രസിന് നൽകും’’ -വാസവ പറഞ്ഞു. ബറൂച്ച് മണ്ഡലം വാസവയുടെ പാർട്ടിക്ക് നൽകാൻ ധാരണയായിട്ടുണ്ടെന്ന് കോൺഗ്രസും സ്ഥിരീകരിക്കുന്നുണ്ട്.
ഗുജറാത്തിലും രാജസ്ഥാനിലും ബി.ടി.പിക്ക് രണ്ടു വീതം എം.എൽ.എമാരുണ്ട്. ആദിവാസി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള ജില്ലകളായ ബറൂച്ച്, രാജ്പിപ്ല, തപി, വൽസദ്, നവ്സരി, സൂറത്ത് എന്നിവിടങ്ങളിൽ വാസവക്ക് സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ആദിവാസി വോട്ടർമാരുടെ സ്വാധീനമുള്ള പതിനൊന്നോളം ജില്ലകളിലെ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ ഇൗ സഖ്യത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
ഹാർദിക്-ജിഗ്നേഷ് സാധ്യതയും
ഇതിനിടെ, അംറേലിയിൽനിന്ന് ജനവിധി തേടുമെന്ന് പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്. പാട്ടീദാർ പ്രക്ഷോഭങ്ങളുടെ കേന്ദ്രബ്രിന്ദുവായ അംറേലിയിൽ ഇൗ വിഭാഗങ്ങൾക്ക് സ്വാധീനമേറെയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഹാർദികിെൻറ പാട്ടീദാർ അനാമത് ആന്ദോളൻ സമിതി (പി.എ.എ.എസ്) കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ പിന്തുണ ലോക്സഭയിലേക്കും തുടരുമെന്നും അതുകൊണ്ട് ഹാർദികിന് അംറേലിയിൽ കോൺഗ്രസ് പിന്തുണ നൽകുമെന്നുമാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ കോൺഗ്രസ് ഇതുവരെ പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. സഖ്യം സാധ്യമാവുകയാണെങ്കിൽ അതും ബി.ജെ.പിയെ ബാധിക്കും. പാട്ടീദാർ പ്രക്ഷോഭത്തിെൻറ ഫലമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിലെ കോൺഗ്രസ് നേട്ടം. സംവരണ വിഷയത്തിൽ ഇപ്പോഴും ബി.ജെ.പിയുമായി ശത്രുതയിലാണ് പാട്ടീദാറുകൾ.
ഉയർന്ന ജാതികളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിെച്ചങ്കിലും രോഷത്തിന് കുറവുണ്ടായിട്ടില്ല. തങ്ങളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നതാണ് അവരുടെ ആവശ്യം. എങ്കിൽ മാത്രമേ മറ്റു സംസ്ഥാനങ്ങളിൽ യാദവർ അടക്കമുള്ളവർക്ക് ലഭിക്കുന്നപോലുള്ള ഗുണം ലഭിക്കൂ എന്നാണ് പാട്ടീദാർ പ്രക്ഷോഭകരുടെ നിലപാട്. 2015ലെ പ്രക്ഷോഭ കാലത്ത് എടുത്ത കേസുകളുടെ പേരിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെതിരെയും ഇവർ ശത്രുതയിലാണ്. ചുരുക്കത്തിൽ പാട്ടീദാർമാരുടെ ശത്രുപക്ഷത്താണ് ഇപ്പോഴും ബി.ജെ.പി.
ദലിത് നേതാവും സ്വതന്ത്ര എം.എൽ.എയുമായ ജിഗ്നേഷ് മേവാനി, കോൺഗ്രസ് പിന്തുണയോടെ കച്ച് (ഭുജ്) മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നുണ്ട്. മേഖലയിൽ നിരവധി തവണ സന്ദർശനം നടത്തിയ മേവാനി മണ്ഡലത്തിലെ വിവിധ സന്നദ്ധ സംഘടനകളുമായി ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പയറ്റാനാണ് മേവാനിയുടെ ആഗ്രഹമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് പിന്തുണയിലാണ് അദ്ദേഹം നിയമസഭയിൽ ജയിച്ചത്. ലോക്സഭ സീറ്റ് വിജയിക്കുകയെന്നത് ആളും അർഥവും ഏറെ വേണ്ട സാഹസമായതിനാൽ കോൺഗ്രസ് പിന്തുണ അദ്ദേഹം ഏറെ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ ദലിത് വിരുദ്ധ നയപരിപാടികൾക്കെതിരെ ദലിത് സമൂഹം അതൃപ്തിയിലാണ് എന്നത് മേവാനിക്ക് പ്രതീക്ഷ പകരുന്നതാണ്. എങ്കിലും പ്രധാന ദലിത് നേതാക്കളൊന്നും സംസ്ഥാന സർക്കാറിനെതിരെയോ ബി.ജെ.പിക്കെതിരെയോ രംഗത്തു വന്നിട്ടില്ല.
സമാജ്വാദി പാർട്ടി സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുവെങ്കിലും, ഒരു ഉത്തർപ്രദേശ് പാർട്ടിയെന്ന നിലയിൽതന്നെയാണ് ഇപ്പോഴും ഇമേജ്. നിയമസഭ തെരഞ്ഞെടുപ്പിൽ നിരവധി സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഭേദപ്പെട്ട പ്രകടനംപോലും കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ബി.എസ്.പിയുടെയും അവസ്ഥ ഇതുതന്നെയാണ്. ഇരുവരും തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്നത് സംബന്ധിച്ച് ഇതുവരെ ചിത്രമൊന്നും തെളിഞ്ഞിട്ടില്ല.
ബി.ജെ.പിയുടെ ഒറ്റക്കുള്ള കരുത്ത്
1995 മുതൽ ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി 2014ൽ മുഴുവൻ ലോക്സഭ സീറ്റും വിജയിച്ച ബലത്തിലാണ്. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഉയിർത്തെഴുന്നേൽപിെൻറ ലക്ഷണം കാണിച്ച കോൺഗ്രസ് ഇത്തവണ പഴയ ദൗർബല്യം കാണിക്കുമെന്ന് ബി.ജെ.പിപോലും കരുതുന്നില്ല. അതുകൊണ്ടുതന്നെ പാർട്ടി ജാഗ്രതയിലാണ്. പറയാനുള്ള സഖ്യകക്ഷി, മഹാരാഷ്ട്ര പാർട്ടിയായ ശിവസേനക്ക് ഗുജറാത്തിൽ സ്വാധീനവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.