ന്യൂഡൽഹി: കൈക്കൂലിക്കും വഞ്ചനക്കും ഗൗതം അദാനിക്കെതിരെ അമേരിക്കൻ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും മണിപ്പൂർ കലാപവും ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ഈ ആവശ്യമുന്നയിച്ചത്. ഏത് ചർച്ചക്കും സർക്കാർ സന്നദ്ധമാണെന്നും ഇരുസഭകളുടെയും അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ അതത് പാർലമെന്ററി സമിതികൾ കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
ഏറെ വിവാദമായ വഖഫ് ബിൽ പാസാക്കാനായി ചർച്ചക്കെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ മുസ്ലിം ലീഗും ഡി.എം.കെയും അതിശക്തമായി എതിർത്തു. വഖഫ് ബിൽ പിൻവലിക്കണമെന്നും പാസാക്കാനായി എടുക്കരുതെന്നും ഡി.എം.കെ നേതാവ് തിരുച്ചി ശിവ ആവശ്യപ്പെട്ടു.
അതേസമയം, ശൈത്യകാല സമ്മേളനത്തിൽ സർക്കാർ പാസാക്കണമെന്ന് കരുതുന്ന ബില്ലുകളിൽ പ്രഥമ പരിഗണനയിലുള്ളത് വഖഫ് ബില്ലാണ്. ഈ മാസം 29ന് വഖഫ് ജെ.പി.സി റിപ്പോർട്ടിന്റെ കരട് സമർപ്പിക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിലവിലുള്ള വഖഫ് നിയമത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 30 രാഷ്ട്രീയ പാർട്ടികളുടെ 42 നേതാക്കൾ പങ്കെടുത്തു. കേരളത്തിൽനിന്ന് പങ്കെടുത്ത ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും സി.പി.ഐ രാജ്യസഭ കക്ഷി നേതാവ് സന്തോഷ് കുമാറും വയനാടിന് കേന്ദ്ര സഹായം അനുവദിക്കാത്തത് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), കെ. രാധാകൃഷ്ണൻ (സി.പി.എം) എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.