പാലക്കാട്: സാദിഖലി തങ്ങളെ വിമർശിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സംഘ്പരിവാറിൻറെയും ശബ്ദം ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉജ്ജ്വലമായ മതേതര മാതൃക ഉയർത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങൾ. തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപകരമായ പരാമർശം അദ്ദേഹം ഡൽഹിയിൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിന്റെ തുടർച്ചയാണ്.
മുനമ്പം വിഷയം ഉണ്ടായപ്പോൾ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞ് മുസ്ലിം സംഘടനകളെ ചേർത്തുനിർത്തി സാധാരക്കാർക്കു വേണ്ടി നിലകൊള്ളുന്ന ആളാണ് തങ്ങൾ. കാർക്കശ്യം നിറഞ്ഞ മതേതര നിലപാടെടുത്ത ഒരു വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്. സത്യത്തിൽ അത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നു തങ്ങളെ എന്താ വിമർശിക്കാൻ പാടില്ലേയെന്ന്. സംഘപരിവാറിന്റെ ശബ്ദവും മുഖ്യമന്ത്രിയുടെ ശബ്ദവും ഒന്നാണെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച സിപിഎം ഓന്തിന്റെ നിറം മാറിയതുപോലെ ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പാലക്കാട് ഒരു കാരണവശാലും അത് വിലപ്പോകില്ല. മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിക്കുകയാണ്, മൂന്ന് വർഷക്കാലത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്ന് പറയാൻ ധൈര്യം ഉണ്ടോ? മൂന്ന് വർഷത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാകും തിരഞ്ഞെടുപ്പെന്ന് പറയാൻ ഞങ്ങൾ തയാറാണ്. സർക്കാർ തയ്യാറാണോ?
എന്താണ് കേരളത്തിന്റെ സ്ഥിതി? രൂക്ഷമായ വിലക്കയറ്റം, വിലക്കയറ്റത്തെ നിയന്ത്രിക്കാൻ മാർക്കറ്റിൽ ഇടപെടേണ്ട സപ്ലൈകോ അടച്ചുപൂട്ടലിൻെറ വക്കിലാണ്. ഖജനാവ് കാലിയാണ്. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ചെക്ക് മാറില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയാണ്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പോലുള്ളത് മുഴുവൻ തകർച്ചയിലാണ്.
കെ.എസ്.ആർ.ടി.സി, സപ്ലൈകോ, ഇലക്ട്രിസിറ്റി ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, വാട്ടർ അതോറിട്ടി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അപകടത്തിലാണ്. ആരോഗ്യ മേഖലയിൽ കാരുണ്യ പദ്ധതി 1600 കോടി സർക്കാർ നൽകാനുണ്ട്. സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും കാസ്പ് കാർഡ് എടുക്കുന്നില്ല. ഒരാനുകൂല്യവും സർക്കാർ സാധാരണക്കാർക്ക് നൽകുന്നില്ല. റോഡ് മുഴുവൻ കുഴിയാണ്. കോൺട്രാക്ടർമാർ വർക്ക് എടുക്കുന്നില്ല. രൂക്ഷമായ ധനപ്രതിസന്ധിയാണ്.
മദ്യത്തിലും സ്വർണത്തിലും പതിനായിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടക്കുകയാണ്. ആരോഗ്യരംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. വൈസ് ചാൻസിലർമാരില്ല. ഉന്നതവിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായിരിക്കുന്നു. ഇതുപോലൊരു പരിതാപകരമായ അവസ്ഥയിൽ കേരളം എത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവെയ്ക്കാൻ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന് കുടപിടിച്ചുകൊടുക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സി.പി.എം-ബി.ജെ.പി അവിശുദ്ധ ബാന്ധവത്തിനെതിരെയുള്ള പ്രചാരണമാണ് പാലക്കാട് ഐക്യ ജനാധിപത്യ മുന്നണി നടത്തിയത്. ഉജ്ജ്വല ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യും. പതിനായിരത്തിൽ അധികം ഭൂരിപക്ഷത്തിൽ. ഒരുപക്ഷെ പതിനയ്യായിരത്തിൽ എത്തിയാലും അത്ഭുതപ്പെടാനില്ല. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിക്കുക തന്നെ ചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.