കോഴിക്കോട്: പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിൽ ഉറച്ച നിലപാട് സ്വീകരിക്കാനാവാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. ആർ.എസ്.എസ് േകാടതിവിധിയെ സ്വാഗതം ചെയ്തതോടെ ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും വിധിപഠിച്ച് നിലപാട് വ്യക്തമാക്കാമെന്നും പറഞ്ഞ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള തിങ്കളാഴ്ച വാർത്തസമ്മേളനം നടത്തിയപ്പോഴും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് പാർട്ടി അനുകൂലമാണോ എതിരാണോ എന്ന് വ്യക്തമാക്കിയില്ല.
വിശ്വാസികളുടെ വിശ്വാസങ്ങൾ സംരക്ഷിക്കണം, സർക്കാർ ഒാർഡിനൻസിറക്കണം, യുവമോർച്ചയും മഹിള മോർച്ചയും പ്രക്ഷോഭം തുടങ്ങും എന്നിങ്ങനെയുള്ള വാദഗതികൾ നിരത്തി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്. പാർലമെൻറ് തെരഞ്ഞെടുപ്പ് മുൻനിർത്തി ബി.ജെ.പി കേന്ദ്രനേതൃത്വം കഴിഞ്ഞ ദിവസം ഡൽഹിയിൽ കോർ കമ്മിറ്റി വിളിച്ചുകൂട്ടിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികളുടെ വികാരം പൊതുചർച്ചയാക്കാനായത് കോൺഗ്രസ് നേതാക്കളായ കെ. സുധാകരനും കെ. മുരളീധരനുമാണെന്ന് യോഗത്തിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അണികൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർത്തുകയും സ്ത്രീ പ്രവേശത്തെ ആദ്യം മുതൽ എതിർത്ത രാഹുൽ ഇൗശ്വറിനെ പോലുള്ളവർക്ക് വൻ പിന്തുണ ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടും വിഷയത്തിൽ ഇടപെടാൻ ൈവകുന്നത് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയാണ് പാർട്ടി പ്രക്ഷോഭവഴി തെരഞ്ഞെടുത്തത്. വിശ്വാസ സംരക്ഷണ പ്രക്ഷോഭവും കാമ്പയിനും ശക്തിപ്പെടുത്തി സർക്കാറിനെതിരെ ഹിന്ദുവികാരം ശക്തമാക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
അതേസമയം വിധിക്കെതിരെ റിവ്യൂ ഹരജിക്ക് അവസരമുണ്ടെങ്കിലും ആർ.എസ്.എസ് സ്വാഗതം ചെയ്ത വിധിക്കെതിരെ ഹരജി നൽകുന്നത് വലിയ ചർച്ചക്ക് വഴിതുറന്നാൽ അത് തങ്ങളുടെ പാളയത്തിൽ തന്നെ ഭിന്നിപ്പുണ്ടാക്കിയേക്കുമെന്നും ഭയമുണ്ട്. അതിനാലാണ് പാർട്ടി ഹരജി നൽകാതെ ക്ഷേത്രസംരക്ഷണ സമിതിയും അയ്യപ്പ സമാജവുമെല്ലാം നൽകുന്ന ഹരജിയെ പിന്തുണക്കുന്നത്. ബി.ജെ.പി നേരിട്ട് സമരത്തിനിറങ്ങാതെ യുവമോർച്ചയേയും മഹിള മോർച്ചയേയും ആദ്യം രംഗത്തിറക്കുന്നതും ഇതിെൻറ ഭാഗമാണ്. സമരം ശക്തമാകുന്നതോടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവരുൾപ്പെടെ ഇൗ വിഷയത്തിൽ സ്വീകരിച്ച ഭിന്ന നിലപാടുകൾ കൂടുതൽ ചർച്ചയാവില്ലെന്നും പാർട്ടി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.