പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ എന്നും യു.ഡി.എഫിന് തുണയായത് ന്യൂനപക്ഷ വോട്ടുകൾ. 2011വരെ യു.ഡി.എഫിനും എൽ.ഡി.എഫിനും മാറിമാറി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് പിന്നീട് യു.ഡി.എഫ് വിജയത്തിൽ നിർണായകമായത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6.65 ശതമാനം വോട്ടുകൾ കൂടുതൽ നേടി 42.41 ശതമാനം വോട്ടോടെയാണ് ഷാഫി പറമ്പിൽ വിജയക്കൊടിപാറിച്ചത്. അന്ന് രണ്ടാം സ്ഥാനത്തായ സി.പി.എമ്മിന്റെ കെ.കെ. ദിവാകരന് 35.82 ശതമാനം വോട്ടും ബി.ജെ.പിക്ക് 19.87 ശതമാനം വോട്ടുമാണ് ലഭിച്ചത്.
2016ൽ ചിത്രം മാറിമറിഞ്ഞു. 41.77 ശതമാനം വോട്ടോടെ ഷാഫി ജയിച്ചെങ്കിലും രണ്ടാം സ്ഥാനത്തേക്ക് ബി.ജെ.പിയുടെ ശോഭ സുരേന്ദ്രൻ കയറിവന്നു. 2021ൽ 38.06 ശതമാനം വോട്ടോടെ ഷാഫി തന്നെ ജയിച്ചു. പക്ഷേ 6.26 ശതമാനം വോട്ടുവർധനയോടെ ബി.ജെ.പിയുടെ ഇ. ശ്രീധരൻ 35.35 ശതമാനം വോട്ടുനേടി മുന്നേറ്റമറിയിച്ചു. എങ്കിലും വ്യക്തിപ്രഭാവം മുൻനിർത്തി വിജയപ്രതീക്ഷയോടെ ശ്രീധരനെ രംഗത്തിറക്കിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
2021ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ പാലക്കാട് നഗരസഭയിൽ 27,905 വോട്ടുകൾ യു.ഡി.എഫ് നേടിയപ്പോൾ 34,143 വോട്ടുകൾ ബി.ജെ.പി നേടി. സി.പി.എമ്മിന് 16,455 വോട്ടേ ലഭിച്ചുള്ളൂ. എൽ.ഡി.എഫിന് മുൻതൂക്കമുള്ള മാത്തൂരും കണ്ണാടിയും നേരിയ വ്യത്യാസത്തിൽ എൽ.ഡി.എഫിന്റെ കൂടെ നിന്നെങ്കിലും മുസ്ലിം ഭൂരിപക്ഷ മേഖലയായ പിരായിരി വമ്പൻ മാർജിനിൽ യു.ഡി.എഫിനോടൊപ്പമാണ് നിലകൊണ്ടത്.
യു.ഡി.എഫ് 12,815 വോട്ടുകൾ നേടിയപ്പോൾ എതിരാളികളായ സി.പി.എമ്മിനും ബി.ജെ.പിക്കും യഥാക്രമം 6614 വോട്ടും 6355 വോട്ടുമാണ് ലഭിച്ചത്. അതിനാൽത്തന്നെ ഷാഫിയുടെ വിജയത്തിൽ നിർണായകമായത് പിരായിരിയിലെ വോട്ടർമാരാണ്. രാഹുലിന്റെ വിജയത്തിനും ന്യൂനപക്ഷവോട്ടുകൾ നിർണായകമാകും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.