ന്യൂഡൽഹി: സി.പി.എം അക്രമത്തിനെതിരെയെന്ന പേരിൽ കേരളത്തിൽ ആരംഭിച്ച ബി.ജെ.പി ജനരക്ഷായാത്ര യഥാർഥ മുഖം കാട്ടിത്തുടങ്ങി. 1921ലെ മലബാർ കലാപത്തെ കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് വിശേഷിപ്പിച്ച് ജാഥാ ക്യാപ്റ്റൻകൂടിയായ ബി.ജെ.പി സംസ്ഥാന പ്രസിഡൻറുതന്നെ പരസ്യമായി വർഗീയത പറഞ്ഞ് രംഗത്തെത്തി.
മുസ്ലിം ജനവിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ പ്രവേശിച്ചതോടെയുണ്ടായ ഇൗ മുഖംമാറ്റം സി.പി.എം ഉന്നയിച്ച ആശങ്കകളും ആക്ഷേപവും ശരിവെക്കുന്നതുകൂടിയായി. കുമ്മനം രാജശേഖരെൻറ പ്രസ്താവനയോട് ബി.ജെ.പിയിൽതന്നെ എതിർപ്പുണ്ട്. മുസ്ലിംകൾ ധാരാളമുള്ള വടക്കൻ മലബാറിൽ വർഗീയ ധ്രുവീകരണം നടത്താനാണ് ശ്രമമെന്നും സീതാറാം യെച്ചൂരി അടക്കം ആക്ഷേപിച്ചു. കൊളോണിയൽ വിരുദ്ധ, കർഷക സമര ചരിത്രത്തിെൻറ ഭാഗമായ മലബാർ കലാപത്തെ ഹിന്ദുത്വ വർഗീയതയിലേക്ക് ചുരുക്കിയുള്ള പ്രസ്താവന യാത്ര പൊളിഞ്ഞ ആശങ്കയിൽനിന്നുണ്ടായ അവസാന ആയുധമെന്നാണ് സി.പി.എം വിലയിരുത്തുന്നത്.
ഹിന്ദുക്കളും മുസ്ലിംകൾക്കും ജീവഹാനി സംഭവിച്ച കലാപത്തെ ഹിന്ദു വിരുദ്ധമാക്കി ചുരുക്കി ആർ.എസ്.എസിെൻറ വർഗീയ നിലപാട് വ്യക്തമാക്കുകയാണ് കുമ്മനം ചെയ്തത്. യാത്രയോട് സംയമന നിലപാടുതന്നെ സ്വീകരിക്കാനാണ് സി.പി.എം ദേശീയ, സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. യാത്രയിലൂടെ കേരളത്തിൽ സാമുദായിക ധ്രുവീകരണവും വർഗീയ കലാപവും സൃഷ്ടിക്കലാണെന്ന് സി.പി.എം വരുംദിവസങ്ങളിൽ എടുത്തുപറയും.
യാത്രയിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിക്കെതിരെ കൊലവിളി ഉയർന്നതും അത് വി. മുരളീധരൻ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതും വിവാദമായിരുന്നു. കൂടാതെയാണ് കേരളത്തിെൻറ സാമൂഹിക, ആരോഗ്യ, രാഷ്ട്രീയ നേട്ടങ്ങളെ അപമാനിക്കുന്ന കൃത്രിമ കണക്കുകൾ. ലക്ഷ്യം കൈവിട്ടതോടെ സി.പി.എം അക്രമമെന്ന ബി.ജെ.പിയുടെ അജണ്ട വർഗീയതക്ക് വഴിമാറി സംഘ്പരിവാർ നേതൃത്വത്തിലേക്ക് കടിഞ്ഞാൺ എത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.