മഞ്ചേരി: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ സി.പി.എം സമ്മേളനങ്ങൾക്ക് തുടക്കമാകവേ, ബ്രാഞ്ചുകളെ ജീവസുറ്റതാക്കാൻ മുമ്പ് തയാറാക്കിയ മാർഗനിർദേശങ്ങൾ എത്രമാത്രം നടപ്പായെന്നത് ചർച്ചയാകും. താഴേത്തട്ടിൽ പാർട്ടി ശക്തിപ്പെടുത്താൻ നിരവധി മാർഗനിർദേശങ്ങളാണ് മേഖല റിപ്പോർട്ടിങ്ങിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് നൽകിയിരുന്നത്.
മാസത്തിൽ മൂന്നുതവണ യോഗം ചേരുക, അനുഭാവികളെ മൂന്നു മാസക്കാലത്തിലൊരിക്കൽ വിളിച്ചുചേർക്കുക തുടങ്ങിയവ ഇതിൽപെടും. പട്ടികജാതി ക്ഷേമ സമിതിയിൽ (പി.കെ.എസ്) അംഗത്വമെടുക്കേണ്ടവർ ആദിവാസി, തീരദേശമേഖലകളിലെ ബ്രാഞ്ചുകളിൽ കുറവാണെന്നതടക്കമുള്ള കാര്യങ്ങളും നേരത്തെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഈ വിഭാഗങ്ങളെ സജീവ പ്രവർത്തകരാക്കാൻ ബ്രാഞ്ചുകൾ ശ്രമിക്കണം, ചെറുകിടവ്യാപാരികളിൽ പാർട്ടിയോട് ആഭിമുഖ്യമുള്ളവരെ വ്യാപാരി വ്യവസായി സമിതിയുടെ ഭാഗമാക്കണം, അവശരും രോഗബാധിതരുമായി ജീവിതം വഴിമുട്ടിയവരെ സഹായിക്കാൻ ബ്രാഞ്ച് തലത്തിൽ ശ്രമം നടത്തി അത്തരം കുടുംബങ്ങളെ പാർട്ടിയോട് അടുപ്പിക്കണം, നയപരിപാടികളോട് പ്രത്യേക എതിർപ്പൊന്നുമില്ലെങ്കിലും യുവതലമുറയിൽ വലിയൊരു വിഭാഗം അകന്നുനിൽക്കുന്ന പ്രവണത മാറണം തുടങ്ങിയ നിർദേശങ്ങളും നൽകിയിരുന്നെങ്കിലും പലതും നടപ്പായില്ല.
ഭരണത്തിലില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ കരാർ, ടെൻഡർ പ്രവൃത്തികളിലെ അഴിമതിയെ ശക്തമായി എതിർക്കുന്ന നേതാക്കൾ ഭരണമുള്ളയിടങ്ങളിൽ ഇത്തരം ദുഷ്പ്രവണതകൾ അരങ്ങുവാഴുേമ്പാൾ മൗനം പാലിക്കുന്നതും ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.