കോട്ടയം: എം.വി. രാഘവനൊപ്പം ഉറച്ചുനിന്ന കെ.ആർ. അരവിന്ദാക്ഷെൻറ അപ്രതീക്ഷിത വിടവാങ്ങൽ മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ചർച്ചകൾക്കിടെ. എം.വി.ആറിെൻറ മരണശേഷം എൽ.ഡി.എഫുമായി സഹകരിച്ചിരുന്ന സി.എം.പി അരവിന്ദാക്ഷൻ വിഭാഗം മുന്നണി പ്രവേശനം ആവശ്യപ്പെട്ട് കത്തുകൾ നൽകിയിരുന്നു. ഇത് പരിഗണിക്കപ്പെടാതിരുന്നതോടെ, ഒടുവിൽ സി.പി.എമ്മുമായി ലയനമെന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഇത്തരമൊരു നിർദേശം വെച്ചതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സി.എം.പിയിൽ സജീവമായി.
ലയന ശേഷം വിവിധ ഘടകങ്ങളിലേക്കു പരിഗണിക്കേണ്ട രണ്ടായിരത്തോളം നേതാക്കളുടെ പട്ടികയും തയാറാക്കി. എന്നാൽ, ഇക്കാര്യത്തിൽ സി.പി.എം ഉറപ്പൊന്നും നൽകാത്തിനാൽ ചർച്ച തുടരുകയായിരുന്നു. ഇതിനിടെയാണ് നായകനെ തന്നെ സി.എം.പിക്ക് നഷ്ടമായിരിക്കുന്നത്. ഇതോടെ പാർട്ടിയുടെ നിലനിൽപും ആശങ്കയിലാണ്. സി.എം.പിയുടെ കോട്ടയം ജില്ല കമ്മിറ്റിയടക്കം വിവിധ ഒാഫിസുകളുടെ ഉടമസ്ഥതക്കായി അരവിന്ദാക്ഷൻ -സി.പി. ജോൺ വിഭാഗങ്ങൾ തമ്മിൽ കേസ് നടക്കുകയുമാണ്.
ബദൽരേഖയുടെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് എം.വി. രാഘവൻ സി.എം.പി രൂപവത്കരിക്കുേമ്പാൾ ഒപ്പമുണ്ടായിരുന്നു അരവിന്ദാക്ഷൻ. 1986ൽ സി.പി.എം ജില്ല കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് പാർട്ടി വിടുന്നത്. എസ്.എഫ്.െഎയിലൂടെയാണ് െപാതുരംഗത്തേക്ക് എത്തിയത്. കെ.എസ്.വൈ.എഫിലൂടെ കൂടുതൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭരംഗങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.െഎയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു.
എം.വി.ആർ അവശനായതിനെത്തുടർന്ന് പാർട്ടി സെക്രട്ടറി ചുമതല ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യാത്യാസത്തിൽ 2014ൽ അരവിന്ദാക്ഷെൻറയും സി.പി. ജോണിെൻറയും നേതൃത്വത്തിൽ സി.എം.പി രണ്ടായി. അരവിന്ദാക്ഷൻ വിഭാഗം ഇടതിെനാപ്പം നിന്നപ്പോൾ സി.പി. ജോണിെൻറ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിൽ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.