ന്യൂഡൽഹി: എസ്.ആർ.പി എന്ന എസ്. രാമചന്ദ്രൻ പിള്ള സി.പി.എം േപാളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഒഴിയുന്നു. ഹൈദരാബാദിൽ എപ്രിൽ 18 - 22 തീയതികിൽ നടക്കുന്ന 22 ാം പാർട്ടി കോൺഗ്രസോടെ അദ്ദേഹം പാർട്ടിയുടെ ഉയർന്ന രണ്ട് ഘടകങ്ങളിൽ നിന്ന് ഒഴിവാകും. ഡൽഹി വിട്ട്, ഒരുകാലത്ത് തെൻറ രാഷ്ട്രീയ കളരിയായ കേരളത്തിലേക്ക് മടങ്ങാനാണ് തീരുമാനം. 80 വയസ്സ് കഴിഞ്ഞവർ പി.ബി, സി.സി ഉൾപ്പെടെയുള്ള ഘടകങ്ങളിൽ നിന്ന് ഒഴിയണമെന്ന തീരുമാനപ്രകാരമാണിത്. കേരളത്തിൽ ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രത്തിൽ തുടരും. അപ്പോഴും സംസ്ഥാന സെക്രേട്ടറിയറ്റിലോ സംസ്ഥാന സമിതിയിലോ അംഗമാകില്ല. സംസ്ഥാന സമിതി ക്ഷണിതാവ് എന്ന നിലയിലാവും തുടരുക.
കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന ഉറച്ച നിലപാടിൽ നിന്ന് പി.ബി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിെൻറ ശിൽപ്പികളിലൊരാൾ പ്രകാശ് കാരാട്ടിനൊപ്പം എസ്.ആർ.പി ആയിരുന്നു. കരട് രാഷ്ട്രീയപ്രമേയം പാർട്ടി കോൺഗ്രസ് തള്ളുമോ കൊള്ളുമോ എന്നത് പാർട്ടിക്ക് നിർണായകമാണ്. പ്രമേയത്തിന് അംഗീകാരം ലഭിച്ചാൽ പി.ബിയിലെ ന്യൂനപക്ഷ രേഖക്കായി വാദിച്ച നിലവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തുടർച്ചയും ചർച്ചയാവും.
അപ്രതീക്ഷിതമായതൊന്നും നടന്നില്ലായിരുെന്നങ്കിൽ മൂന്നുവർഷം മുമ്പ് വിശാഖപട്ടണെത്ത 21ാം പാർട്ടി കോൺഗ്രസിൽ സി.പി.എം ജനറൽ സെക്രട്ടറി ആകേണ്ടിയിരുന്നത് എസ്.ആർ.പി ആയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ, സി.പി.എമ്മിെൻറ രാഷ്ട്രീയ നയരൂപവത്കരണത്തിൽ പ്രകാശ് കാരാട്ടിെൻറയും എസ്.ആർ.പിയുടെയും നേതൃത്വത്തിൽ പി.ബിയിലെ ഭൂരിപക്ഷം സ്വീകരിച്ച നിലപാട് യെച്ചൂരിയുടെ വാദങ്ങളെ മറികടന്നു. ബംഗാൾ ഘടകത്തിെൻറ പിന്തുണയെ കേരള ഘടകത്തിെൻറ അപ്രമാദിത്വം കൊണ്ട് കാരാട്ട് ഘടകത്തിന് മേൽകൈ സൃഷ്ടിക്കുന്നതിൽ രാമചന്ദ്രൻ പിള്ള വഹിച്ച പങ്ക് നിർണായകമായി.
1989ൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായി എ.കെ.ജി സെൻറർ കേന്ദ്രീകരിച്ച് സംസ്ഥാന സെക്രട്ടറി വി.എസ്. അച്യുതാനന്ദനും ചടയൻ ഗോവിന്ദനും ഒപ്പം പ്രവർത്തിക്കുേമ്പാഴാണ് സെൻട്രൽ സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ ജനറൽ സെക്രട്ടറി ഇ.എം.എസിെൻറ ദീർഘവിക്ഷണം കൂടിയായിരുന്നു ഇൗ സ്ഥാനക്കയറ്റത്തിനു പിന്നിൽ. രണ്ടാം തലമുറയെ വാർത്തെടുക്കുന്നതിെൻറ ഭാഗമായി പി. രാമചന്ദ്രൻ, സുനിൽ മൈത്രി, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവർക്കൊപ്പമാണ് എസ്.ആർ.പിയെയും കേന്ദ്ര സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. ഇവർ പി.ബിയിലും പെങ്കടുക്കുമായിരുന്നു. 1992ൽ അഞ്ചുപേരും പി.ബി അംഗമായി . ഇതിൽ രാമചന്ദ്രനും സുനിൽ മൈത്രിയും ഇന്നില്ല.
കേരളത്തെ ചുറ്റി ഉയർന്ന സംഘടന തർക്കങ്ങളിൽ വി.എസ്.അച്യുതാനന്ദന് വിരുദ്ധ ധ്രുവത്തിൽ എന്ന് മാധ്യമങ്ങൾ വിലയിരുത്തുേമ്പാഴും രാമചന്ദ്രൻ പിള്ളയുടെ പാർട്ടിയിലേക്കുള്ള കടന്നുവരവിൽ വി.എസിെൻറ നിഴൽ വീണുകിടക്കുന്നുണ്ട്. 1956ൽ ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് അദ്ദേഹം അടക്കം 15 വിദ്യാർഥികൾ അവിഭക്ത സി.പി.െഎയുടെ അംഗത്വംനേടിയ യോഗത്തിൽ സ്വാഗതം ചെയ്തത് ജില്ല സെക്രട്ടറിയായ വി.എസ് ആയിരുന്നു.
സംസ്ഥാന സെക്രേട്ടറിയറ്റിൽ വരുേമ്പാൾ വി.എസ് സംസ്ഥാന സെക്രട്ടറി. 1969ൽ സംസ്ഥാന സമിതിയിൽ, 1974 ൽ കെ.എസ്.വൈ.എഫിെൻറ സ്ഥാപക ജനറൽ സെക്രട്ടറി, 1980- 82ൽ ആലപ്പുഴ ജില്ല സെക്രട്ടറി, 1982ൽ സംസ്ഥാന സെക്രേട്ടറിയറ്റംഗം, അഖിലേന്ത്യ കർഷകസംഘം ജനറൽ സെക്രട്ടറി, പ്രസിഡൻറ് പദവികൾ വഹിച്ചു. 1999ൽ രാജ്യസഭാംഗമായിരുന്നു. ഭാര്യ മരിച്ചതോടെ ഡൽഹിയിലെ വി.പി ഹൗസിൽ ഒറ്റക്ക് താമസിക്കുന്ന എസ്.ആർ.പി പാർട്ടി കോൺഗ്രസിനുശേഷം തിരുവനന്തപുരത്ത് മകളുടെ വീട്ടിലേക്ക് മാറും. കർഷക പ്രസ്ഥാനത്തിെൻറ നയസമീപനം ഉരുത്തിരിഞ്ഞുവന്നതും 1936 മുതലുള്ള ചരിത്രവും എഴുതലാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.