ഇന്ത്യൻ ചിത്രകലയെ ആധുനീകരിച്ചതിൽ പ്രധാനിയാണ് എം.എഫ് ഹുസൈൻ. പാഷൻ ആയിരുന്നു എന്നും ഹുസൈനെ നയിച്ചിരുന്നത്. റീസണെക്കാൾ ഏറെ. ഇന്ത്യൻ മിത്തോളജിയിൽ നല്ല വിവരവും അദ്ദേഹം നേടിയിട്ടുമുണ്ട്. എന്തുകൊണ്ടാണ് ആധുനിക ചിത്രകല ഇന്ത്യയിൽ വേരുറക്കാത്തത് എന്നൊരു ചോദ്യം 1960കളിൽ റാം മനോഹർ ലോഹ്യ ഹുസൈനോട് ചോദിച്ചത്രെ. അതിന് ഒരു സർഗാത്മക കലാകാരൻെറ ഉത്തരമാണ് രാമായണം ആസ്പദമാക്കി ഹുസൈൻ വരച്ച ചിത്ര പരമ്പരകൾ. 1970 കളിൽ വരച്ചു തുടങ്ങിയ ഈ ചിത്രങ്ങൾ വൻ ശ്രദ്ധ നേടി. വരയിൽ, നിറങ്ങളുടെ ഉപയോഗത്തിൽ, ഊർജവും ആകർഷണീയതയും നിറഞ്ഞു നിന്നു ഹുസൈൻ ചിത്രങ്ങളിൽ. അത് അദ്ദേഹത്തിെൻറ സ്വകീയമായ ശൈലിയാണ്. കേട്ടു ശീലിച്ച രാമായണ ചിത്രങ്ങളല്ല അവ. അത് അദ്ദേഹത്തിന്റെ ഉത്കണ്ഠയുമായിരുന്നില്ല. ചിത്രത്തിെൻറ ആർട്ട്, ക്രാഫ്റ്റ്, മോഡേണൈസേഷൻ ഇവയിൽ മാത്രമായിരുന്നു അദ്ദേഹത്തിൻറെ ഉൗന്നൽ എന്ന് ഈ ചിത്രങ്ങളും തുടർന്നു വരച്ച സരസ്വതി, ദുർഗ തുടങ്ങിയ ചിത്രങ്ങളും സൂക്ഷ്മമായി വായിച്ചാൽ മനസ്സിലാവും. കലയെ കലയായി വായിച്ചാൽ അതിൽ അതിൽ ആസ്വാദ്യതയുണ്ട്. അതിനെ മതവുമായി ബന്ധപ്പെടുത്തി വായിച്ചാൽ വിയോജിപ്പുകൾ ഉണ്ടാവാം ,ഉണ്ടായിട്ടുമുണ്ട് 1970 കളിൽ തന്നെ.
1990 കളിലാണ് ഹുസൈൻ ചിത്രങ്ങൾ വ്യാപകമായി അപലപിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്തത്. ഇന്ത്യൻ രാഷ്ടീയസാഹചര്യത്തിൽ തീവ്ര ഹൈന്ദവത ഏറിയപ്പോൾ, ഇന്ത്യൻ പിക്കാസോ എന്ന് വിളിച്ചാദരിക്കപ്പെട്ട ഇന്ത്യൻ ചിത്രകലയെ ലോക ശ്രദ്ധയിലെത്തിച്ച ഒരു കലാകാരന് സ്വന്തം മണ്ണിൽ ജീവിക്കാൻ പറ്റാതായി. തൻറെ ചിത്രങ്ങൾ ഹിന്ദു മിത്തോളജിയെ കുറിച്ചുള്ള ഒരു രാഷ്ട്രീയ നിലപാടാണ് എന്ന് ഒരിക്കലും ഹുസൈൻ പറഞ്ഞതായി ഓർക്കുന്നില്ല. ഹുസൈെൻറ ചിത്രങ്ങളോടുള്ള ആശയപരമായ വിയോജിപ്പുകൾ ഫാസിസ്റ്റ് ശക്തികൾ എന്നും ഉയർത്തിയിട്ടുണ്ട്. അത് അദ്ദേഹത്തിെൻറ അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും വിലക്കുന്ന ഫാസിസമായി മാറിയപ്പോഴാണ് പുരോഗമന പ്രസ്ഥാനങ്ങൾ അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണയുമായെത്തിയത്. ഫാസിസ്റ്റുകളുടെ സംസ്കാര ശൂന്യതയെ എതിർക്കാനുള്ള മുഖചിത്രമായി മാറി പിന്നീട് ഈ ഹുസൈൻ ചിത്രങ്ങൾ. പക്ഷേ, സ്ഥാനത്തും അസ്ഥാനത്തും വികലമാക്കി ഹുസൈൻ ചിത്രത്തെ പ്രതിഷ്ഠിക്കപ്പെടുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കേണ്ടി വരിക തന്നെ ചെയ്യും.
ഹുസൈൻ വരച്ച സരസ്വതിയിൽ നഗ്നതയ്ക്കല്ല ഊന്നൽ എന്നതാണ് പ്രധാന കാര്യം. ഹുസൈൻ ഒരു ഫാസിസ്റ്റ് വിരുദ്ധ ബിംബമായി വായിക്കപ്പെടണമെങ്കിൽ അതിൻറെ ഒറിജിനൽ പതിപ്പ് പകർപ്പായി വെക്കണം. ഹുസൈെൻറ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കണം. എന്താണ് ഹുസൈൻറെ ചിത്രങ്ങളെന്ന് വിശദീകരിക്കണം. അപ്പോഴാണ് സമരം പുരോഗമനപരമാകുന്നത്. മനപൂർവ്വം ലഹളയുണ്ടാക്കുക, പ്രകോപനം സൃഷ്ടിക്കുക, ജനങ്ങളെ വിഭജിക്കുക ഇതൊക്കെ ഫാസിസ്റ്റ് മനോഭാവമാണ്. പ്രത്യക്ഷത്തിൽ പ്രസക്തമല്ലാത്ത ഒരു ചിത്രം കാമ്പസിൽ പ്രതിഷ്ഠിക്കുന്നതും ശരിയായ ഉദ്ദേശ്യത്തിലല്ല. ഇതിലും ശക്തമായ ബിംബം കൽബുർഗിയുടെ നാല് വരികളായിരുന്നു.
അധ്യാപകർക്ക് ശവക്കുഴി തോണ്ടുക, പ്രിൻസിപ്പലിന്റെ കസേര കത്തിക്കുക, ചുമരിൽ അശ്ലീലം എഴുതുക, ക്ലാസിൽ കയറാത്തതെന്തേ എന്നു ചോദിച്ച അധ്യാപകനോട് തട്ടിക്കയറുക എന്നിവയൊക്കെ പോലെ തീർത്തും പ്രകോപനപരമായ സന്ദേശമാണോ പ്രസ്ഥാനം നൽകാൻ ഉദ്ദേശിക്കുന്നത്?
‘ഈ ചിത്രം നിങ്ങൾ കാണേണ്ട എന്നവർ തീരുമാനിച്ചിരിക്കുന്നു...’ എന്ന അടിക്കുറിപ്പ് തന്നെ ഇന്റർനെറ്റ് യുഗത്തിൽ തെറ്റിദ്ധാരണയുണ്ടാക്കും. ഹുസൈെൻറ ഏതാണ്ടെല്ലാ ചിത്രങ്ങളും നെറ്റിൽ /യൂട്യുബിൽ ലഭ്യമാണ്. എന്നാൽ ലിറ്റററി സെൻസർഷിപ്പിൽ മുങ്ങിപ്പോയ സാത്താൻറെ വചനങ്ങൾ എവിടെ?
അതി മനോഹരമായ യേശുദേവൻറെ അന്ത്യ പ്രലോഭനമെവിടെ? എന്തുകൊണ്ട് ഇവയുടെ ഒന്നും വിലക്കുകൾ നീക്കാൻ പ്രക്ഷോഭങ്ങളുണ്ടാക്കുന്നില്ല?
പെട്ടെന്ന് മാധ്യമ ശ്രദ്ധ കിട്ടുന്ന, ‘വൈറൽ’ ആവുന്ന ക്ഷണിക സമരങ്ങൾക്ക് പിറകേ പോകേണ്ടവരല്ല പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം.
ഇന്ത്യൻ കാമ്പസുകളുടെ ഫാസിസ്റ്റ് വിരുദ്ധ, ജാതി -മത വിരുദ്ധ തരംഗം രാജ്യമെങ്ങുമുള്ള വർഗ ബഹുജന സംഘടനകൾക്ക് പ്രചോദനവും ഉൗർജവും നൽകുന്ന കാലമാണിത്. കഴിഞ്ഞ മാസങ്ങളിൻ ഇന്ത്യൻ കാമ്പസുകളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട മൂന്നു ഡോക്യുമെൻററികൾ രാജ്യ ശ്രദ്ധ നേടിയതാണ്. അതിന് രാഷ്ട്രീയപരമായ കാരണങ്ങളാൽ പ്രദർശനാനുമതി നിഷേധിച്ചപ്പോൾ മാതൃകാപരമായ പ്രതിഷേധവും പ്രദർശനവും നടന്നതാണ്. അത് ക്രിയാത്മകമായിരുന്നു. നിഷേധാത്മകമല്ലായിരുന്നു.
ഫാസിസ്റ്റുകളുടെ ഹിംസക്ക് ഇരയായ ധാബോൽക്കർ, പൻസാരെ, കൽബുർഗി തുടങ്ങിയവരുടെ ജീവിതം കൺമുന്നിലുണ്ട്. ഇതൊക്കെ പോട്ടെ, ഇന്ത്യൻ കാമ്പസുകളെ ഏറ്റവും സ്വാധീനിച്ച, ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ ഡൽഹിയിൽ ജനക്കൂട്ടത്തിനിടയിൽ ചോര ചീന്തി മരിച്ച സഫ്ദർ ഹാശ്മിയുണ്ട്.
കാമ്പസുകളുടെയും വർഗ ബഹുജന സംഘടനകളുടെയും മുഖ്യ സർഗാത്മക കലാരൂപത്തെ, തെരുവുനാടകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച സഫ്ദറിനെ ഓർക്കണം.
ചെഗുവേര യുവാക്കളുടെ ട്രെൻഡി ഹീറോ ആയി മാറും മുമ്പ് കാമ്പസുകളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രൂപമായിരുന്നു, ഹാശ്മി. ‘തു സിന്ദാ ഹൈ..’ എന്ന ഗാനം എങ്ങും മുഴങ്ങിയ കാലമുണ്ടായിരുന്നു. ചെഗുവേര എന്ന രാഷ്ട്രീയ പോരാളിയെ തലേക്കെട്ടിലും, ടി ഷർട്ടിലും ഉടുമുണ്ടിലും ചിത്രീകരിച്ച് പ്രകടനപരതയുടെ അങ്ങേയറ്റമായി അരാഷ്ട്രീയ, അരാജക കൂട്ടമായി വിദ്യാർത്ഥി പ്രസ്ഥാനം മാറുമ്പോഴാണ്, ചില വ്യാജ ഇടതുപക്ഷ സിനിമകളെ പോലെ ഒന്നോ രണ്ടോ ആഴ്ച്ച ആഘോഷിക്കാനുള്ള പൊള്ളയായ ആവേശം മാത്രമായി സമരങ്ങൾ മാറുന്നത്. അറു പിന്തിരിപ്പൻ തറ സിനിമക്ക് ജയ് വിളിക്കാനല്ല ചെങ്കൊടിയേന്തിയ കൈകൾക്ക് ബലം തോന്നേണ്ടത്. ഈ ചുവപ്പ് പ്രകടനപരതയുടേയോ, അനാവശ്യ വിവാദങ്ങളുടെയോ അല്ല. അത് ചോരയുടെ ചുവപ്പാണ്. ‘നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വ റേ..’ എന്ന ദലതെൻറ സത്യ ശാസ്ത്രത്തിൻറെ ചിഹ്നമാണ്.
കേരളത്തിലെ കാമ്പസുകളെ രാഷ്ട്രീയമായും മതനിരപേക്ഷമായും സക്രിയമാക്കുന്നതിൽ ഈ പ്രസ്ഥാനത്തോളം പ്രാധാന്യം മറ്റൊന്നിനുമില്ല അന്നും ഇന്നും. 31 ഓളം ചെറുപ്പങ്ങൾ ചോര ചിന്തിയ കരുത്തുണ്ടതിന്. അവരുടെ സമര, പ്രതികരണങ്ങൾക്ക് വൈകാരിക തീഷ്ണതയുണ്ടാവും, അതിൽ പ്രത്യയശാസ്ത്രദാർഢ്യം വേണ്ടത്ര ഉണ്ടാവാതെ വന്നാൽ. തീർത്തും അങ്ങനെയൊരു ബോധം ഇല്ലാതെ വരുന്നെങ്കിൽ തിരുത്തി കൊടുക്കണം. അതിനെ ന്യായീകരിക്കാൻ സ്റ്റീരിയോ ൈടപ്പ് വാദങ്ങൾ നിരത്തി തുടരെത്തുടരെ വർഗീയ വാദികളെ ഉണ്ടാക്കുന്നതും രാഷ്ട്രീയമല്ല.
നൂറ്റാണ്ടുകൾ മുമ്പ് സൃഷ്ടിക്കപ്പെട്ട സ്ത്രീരൂപങ്ങൾ നഗ്നമായിരുന്നു എന്നത് ഹിന്ദുമതം നഗ്നതയെ, അതിെൻറ കലാവിഷ്കാരത്തെ സധൈര്യം അഭിമുഖീകരിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതിന് നൂറ്റാണ്ടുകൾ പിന്നോട്ട് പോവേണ്ട. വടക്കേ മലബാർ വരെ പോയാൽ ഇന്നും തെയ്യങ്ങൾ, അമ്മ ദൈവങ്ങൾ മാതൃഭാവത്തോടെ ഉറഞ്ഞാടുന്നതു കാണാം. സാമാന്യ ജനങ്ങൾക്ക് ഇന്നും അത് അശ്ലീലമായി തോന്നിയിട്ടില്ല. ഭൂമിയിൽ കാണാൻ കിട്ടാവുന്ന ഏറ്റവും കലാത്മകമായ നാടകീയ രൂപം കൂടിയാണ് തെയ്യം. അതാണ് കലയുടെ ശക്തി. കേവല വൈകാരികതയെക്കാൾ ആഴത്തിൽ അത് മനുഷ്യനെ സ്വാധീനിക്കും. തെയ്യത്തിൻറെ മത/ഭക്തി ഭാവം മാറ്റി െവച്ചാലും കല/ നാടക / മിത്ത് (അടിച്ചമർത്തപ്പെട്ടവൻറെ ഉയിർപ്പ്) അങ്ങേയറ്റം പുരോഗമനപരമാണ്.
ഇനി ഈ ശിൽപങ്ങൾ നോക്കിയാൽ അവയുടെ ആത്മാവിഷ്കാരത്തിൽ ശിൽപിയുടെ പുരുഷനോട്ടം കൂടി കടന്നു വരുന്നുണ്ട്... അപ്പോൾ ഹുസൈൻറെ ചിത്രങ്ങൾ ന്യായീകരിക്കാൻ ഈ ശിൽപങ്ങൾ പറ്റിയ ആയുധവുമല്ല. സ്ത്രീയുടെ ശരീരം നിരന്തരം അവഹേളനത്തിനും ആക്രമണത്തിനും വിധേയമാകുന്ന സാഹചര്യം ഇന്നുണ്ട്. അക്രമത്തിന് ഇരയായ ഒരു പെൺകുട്ടിക്ക് നീതീ കിട്ടാൻ, പെലീസ് ഉന്നതനായ കുറ്റാരോപിതനെ ജയിലിലടച്ച സന്ദർഭം കൂടിയാണിത്. ഭരണകൂടത്തിൻറെ ഇഛാശക്തിക്ക് സ്ത്രീജനങ്ങളുടെ സർവ പിന്തുണയും ലഭിക്കുന്നു എന്നതും ആവേശകരമാണ്. ഈയവസരത്തിൽ കല എവിടെ, ഏതു രൂപത്തിൽ പരിഗണിക്കപ്പെടണം എന്നതിന് രാഷ്ട്രീയമുണ്ട്.. അത് സൂക്ഷ്മമാണ്. Person is Political, and woman too!
ഇനി രവിവർമ ചിത്രങ്ങൾ നോക്കുക, കൊളോണിയൽ സദാചാരത്തിൻറെ ചിത്രഭാവമായിരുന്നു അത്. അതുകൊണ്ടാണ് നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിഞ്ഞ മനുഷ്യർ രവിവർമ ചിത്രങ്ങളിൽ പുനർജനിച്ചപ്പോൾ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഇന്ത്യൻ ജനത അവരുടെ സ്വപ്നമായി ഈ ചിത്രങ്ങൾ തങ്ങളുടെ ചോർന്നൊലിക്കുന്ന ചുമരിൽ പ്രതിഷ്ഠിച്ചത്. ക്ഷേത്രങ്ങെള, കലാക്ഷേത്രങ്ങളായി കണ്ടാൽ ഭക്തിയെക്കാൾ ധ്യാനനിമഗ്നമായ മനസ്സോടെ ആസ്വദിക്കാൻ പറ്റിയ ഇടങ്ങളാണ്. താജ്മഹൽ ആസ്വദിക്കും പോലെ, ചിലപ്പോൾ അതിലും സൂക്ഷ്മമായ നോട്ടങ്ങൾക്കും വായനകൾക്കും ഇടമുണ്ട് പല ക്ഷേത്രങ്ങളിലും. ഈ കലാസമുച്ചയങ്ങളെ ഭക്തിയുടെ മറയിട്ട് പുതപ്പിച്ചിരിക്കുന്നു എന്നതാണ് ദുര്യോഗം. ഭക്തിവ്യവസായം ഉണ്ടാക്കിവെച്ച ഭീകരതയാണിത്.
പുരോഗമന പ്രസ്ഥാനങ്ങളിൽ പെട്ടവർ കേരളത്തിലെ മഹാക്ഷേത്രങ്ങളിലെ, പള്ളികളിലെ കലാവാസ്തു വിസ്മയങ്ങൾ തീർച്ചയായും കാണണം. നല്ല കലാസ്വാദനം ഏത് മതമൗലീകവാദിയേയും ശുദ്ധീകരിക്കും. തിരിച്ച് ഏത് മത/ഭക്തി മൗലിക വാദിയും കലയെ നമ്മുടെ കാഴ്ചയിൽ നിന്ന് മറച്ചുവെക്കും. ഫാസിസ്റ്റുകളെ, മതമൗലികവാദികളെ നേരിടാൻ ആശയ വ്യക്തതയോടെ മുന്നോട്ട് പോകണം. ഫാസിസ്റ്റുകൾ അത്രമേൽ കൗശലത്തോടെ നിലകൊള്ളുകയാണ്. തെറ്റുകൾ തിരുത്തുമ്പോഴേ ആശയ വ്യക്തത വരൂ. പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനത്തിന് പറ്റുന്ന ഏത് പിഴവും ഫാസിസ്റ്റുകൾ ആയുധമാക്കും. വിഷം ചീറ്റും, സ്ത്രീകളെ അപമാനിക്കും. വ്യക്തിഹത്യ നടത്തും. അതിനിട കൊടുക്കരുത്. നിലപാടുകളെ, സന്ദർഭങ്ങളുടെ പ്രാധാന്യത്തോടെ സാഹചര്യങ്ങളോട് ചേർത്ത് പ്രതികരിക്കുക.
‘സമരങ്ങൾ സർഗാത്മകമാവുമ്പോൾ മുദ്രാവാക്യങ്ങൾ കവിതകളാകുന്നു...’എന്ന ജെ.എൻ.യുവിൻറെ മനസ്സും (അമൽ പുല്ലാർക്കാട്, യൂണിയൻ വൈസ് പ്രസിഡന്റ്, JNU) ഒരു കാലത്ത് നെഞ്ചുപൊട്ടി ഇൗങ്ക്വിലാബ് വിളിച്ചവരുടെ ആശയ ദാർഢ്യത്തിൻറെ മുഴക്കവും നിലനിൽക്കണം. ഇന്നത്തെ കൈയടികളല്ല ലക്ഷ്യം. നാളത്തെ തലമുറയും രാഷ്ട്രവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.