കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ തർക്കത്തിൽ ജോസ് കെ. മാണിക്ക് വീണ്ടും തിരിച്ചടി. ജോസ് വിഭാഗത്തിലെ 29 പേരെ സസ്പെൻഡ് ചെയ്ത പി.ജെ. ജോസഫിെൻറ നടപടിക്കെതിരെ ഇവർ നൽകിയ ഹരജി കോട്ടയം മുൻസിഫ് കോടതി തള്ളി. വർക്കിങ് ചെയർമാൻ പദവി ഉപയോഗിച്ച് ജോസഫിനു നടപടിയെടുക്കാൻ കഴിയില്ലെന്നായിരുന്നു വാദം. അച്ചടക്കനടപടിയെടുക്കാനും സംസ്ഥാന കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി, ഉന്നതാധികാര സമിതി എന്നിവ വിളിച്ചുചേർക്കാനും ജോസഫിന് അധികാരമില്ലെന്നും പാർട്ടി സംസ്ഥാന കമ്മിറ്റിക്കാണ് ഭാരവാഹികളെ പുറത്താക്കാൻ അധികാരമെന്നും ചെയർമാെൻറ അഭാവത്തിൽ ചുമതല വർക്കിങ് ചെയർമാനിൽ നിക്ഷിപ്തമല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിത്, കോടതി അംഗീകരിച്ചില്ല. തുടർന്ന് കോടതിച്ചെലവ് സഹിതം ഹരജി തള്ളുകയായിരുന്നു.
പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാെൻറ അഭാവത്തിൽ വർക്കിങ് ചെയർമാന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജൂൺ 16ന് കോട്ടയത്ത് യോഗം ചേർന്ന ജോസ് വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ഇത് അനധികൃതയോഗമാണെന്ന് കാട്ടിയാണ് പങ്കെടുത്ത 29 പേരെ പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ ജോസ് വിഭാഗം എറണാകുളം ജില്ല പ്രസിഡൻറ് ബാബു ജോസഫാണ് കോടതിയെ സമീപിച്ചത്.
അതിനിടെ, പി.ജെ. ജോസഫ് തൊടുപുഴയിൽ സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചതിനെതിരെ ജോസ് വിഭാഗം നേതാക്കളായ സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എന്നിവർ നൽകിയ ഹരജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നേരേത്ത തെരഞ്ഞെടുപ്പ് കമീഷനും വർക്കിങ് ചെയർമാനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കട്ടപ്പന കോടതി വിധിയും ജോസഫിന് അനുകൂലമായിരുന്നു.
ശനിയാഴ്ച ഇരുവിഭാഗവും പ്രത്യേകം നേതൃയോഗം ചേരാനിരിക്കെയാണ് കോടതി വിധി. ജോസ് വിഭാഗം കോട്ടയത്തും ജോസഫ് വിഭാഗം തൊടുപുഴയിലുമാണ് യോഗം ചേരുന്നത്. ഇനിയെങ്കിലും തെറ്റുതിരുത്തി ജോസ് കെ. മാണി പാർട്ടിയിേലക്ക് തിരിച്ചുവരണമെന്ന് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ ആവശ്യപ്പെട്ടു.
എന്നാൽ, കേരള കോണ്‍ഗ്രസിെൻറ ചിഹ്നം സംബന്ധിച്ചും സംഘടന വിഷയങ്ങള്‍ സംബന്ധിച്ചും ദേശീയ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനമാണ് ആത്യന്തികമായി ബാധകമാകുന്നതെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.