പണം നഷ്ടപ്പെട്ട നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി തയാറാവണമെന്ന് കെ. സുരേന്ദ്രൻ

പത്തനംതിട്ട: മണ്ഡല യാത്ര നടത്തുന്ന മുഖ്യമന്ത്രി സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവരെ കാണാൻ തയാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കരുവന്നൂരിലെയും കണ്ടലയിലെയും മയിലപ്രയിലെയും മാവേലിക്കരയിലെയും നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി തയാറാവണം. സി.പി.എമ്മിൻ്റെയും കോൺഗ്രസിൻ്റെയും നേതാക്കളെ വിശ്വസിച്ച് പണം നഷ്ടപ്പെട്ടവരാണവർ.

ആത്മഹത്യമുനമ്പിൽ നിൽക്കുന്ന അവരുടെ പരാതി സ്വീകരിക്കണം. പണം എന്ന് തിരിച്ചു കിട്ടും? എന്തുകൊണ്ടാണ് പണം നഷ്ടമായത്? കുറ്റക്കാർക്കെതിരെ എന്ത് നിലപാടെടുക്കും? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. നിക്ഷേപകരുടെ ചില്ലി കാശ് പോലും നഷ്ടപ്പെടില്ലെന്ന് പ്രഖ്യാപിച്ചയാളാണ് മുഖ്യമന്ത്രിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സഹകരണ കൊള്ളക്കാർക്കെതിരെയുള്ള കേസ് അട്ടിമറിക്കാനാണ് ബാങ്ക് അധികൃതരും സി.പി.എം നേതാക്കളും ശ്രമിക്കുന്നത്. അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരിൽ 67 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ടെന്ന് ഇ.ഡി പറഞ്ഞപ്പോൾ അങ്ങനൊന്നില്ലെന്നാണ് പത്രസമ്മേളനം നടത്തി ബാങ്ക് അധികൃതർ പറഞ്ഞത്. തട്ടിപ്പ് ബാങ്ക് അധികൃതർ അറിഞ്ഞുകൊണ്ടാണെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്?വ്യാജ പ്രസ്താവന നടത്തിയ ബാങ്ക് പ്രസിഡൻ്റിനും സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

സഹകരണ പ്രസ്ഥാനങ്ങളിലെ അഴിമതിക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. എം.കെ കണ്ണനെ വിളിച്ചു വരുത്തിയത് ഇതിൻ്റെ തെളിവാണ്. യു.ഡി.എഫും ഇതിന് കൂട്ടുനിൽക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ സഹകരണ നയത്തിനെതിരെ അവർ സമരം പ്രഖ്യാപിച്ചത് തട്ടിപ്പുകാരെ രക്ഷിക്കാൻ വേണ്ടിയാണ്. കേന്ദ്ര സർക്കാരിൻ്റെ എന്ത് നടപടിക്കെതിരാണ് യു.ഡി.എഫും എൽ.ഡി.എഫും സമരം ചെയ്യുന്നത്?

സഹകരണ പ്രസ്ഥാനങ്ങൾക്ക് കോമൺ സോഫ്റ്റ് വെയർ വേണമെന്ന നിലപാടിനെതിരാണോ? അതേ സഹകരണ ബാങ്കുകൾക്ക് കെ.വൈ.സി നടപ്പാക്കണം എന്ന് പറഞ്ഞതിനെതിരാണോ? സർക്കാർ നയം സഹകരണ പ്രസ്ഥാനങ്ങളെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയാണ്. തട്ടിപ്പ് സഹകരണ മുന്നണിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നൽകും. കേരളമാകെയുള്ള സഹകാരികളെ സംഘടിപ്പിച്ച് കോട്ടയത്ത് സഹകരണ സംരക്ഷണ സമ്മേളനം നടത്തും.

ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണെന്ന് കരുവന്നൂർ വിഷയത്തിൽ അദ്ദേഹത്തിൻ്റെ പ്രതികരണത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ദേശിയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്, ജില്ലാ പ്രസിഡൻ്റ് വി.എ സൂരജ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - K. Surendran said that the Chief Minister should be ready to meet the investors who have lost money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.