പിണറായി സർക്കാർ ശ്രീലങ്കയുടേയും പാകിസ്താന്‍റെയും പാതയിലാണെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തെ പിണറായി സർക്കാർ ശ്രീലങ്കയുടേയും പാകിസ്താന്‍റെയും പാതയിലാണ് കൊണ്ടുപോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചക്ക് ഭരണകക്ഷിയോടൊപ്പം തന്നെ പ്രതിപക്ഷവും ഉത്തരവാദികളാണ്. കാലാകാലങ്ങളായി കേരളം മാറി മാറി ഭരിച്ച ഇടതുപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും അഴിമതിയും ധൂർത്തുമാണ് കേരളത്തെ തകർച്ചയിലെത്തിച്ചത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. കേരളത്തെ കട്ടപ്പുറത്താക്കാൻ സി.പി.എമ്മിനോട് മത്സരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനം ഇത്രയും വലിയ കടക്കെണിയിലാണെന്ന് പറയുമ്പോഴും പ്രതിപക്ഷ നേതാവ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ച് പുതിയ ഇന്നോവ ക്രിസ്റ്റ് വാങ്ങിയത് ധൂർത്തിന്റെ കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ്.

ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ പരസ്യമായി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുവജനങ്ങൾ തൊഴിലില്ലാതെ അലയുമ്പോൾ യുവജന കമ്മീഷൻ അധ്യക്ഷ ഒരു പണിയും ചെയ്യാതെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുകയാണ്. ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന പരാതി ഗൗരവതരമാണ്. കേരളത്തിൽ സി.പി.എമ്മുകാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നികുതികൂട്ടുമെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വാദം വിചിത്രമാണ്. എല്ലാത്തിനും വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന കിഫ്ബിയുടെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. കിഫ്ബി എന്നത് വെറും തട്ടിപ്പാണെന്ന് അന്നേ ബി.ജെ.പി പറഞ്ഞതാണ്. സംസ്ഥാന ബജറ്റ് കൂടി കഴിയുന്നതോടെ കേരളത്തിന്റെ നില കൂടുതൽ പരുങ്ങലിലാവും. കേന്ദ്ര ബജറ്റാണ് സംസ്ഥാനത്തിന്റെ ഏക ആശ്രയമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran said that the Pinarayi government is taking the path of Sri Lanka and Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.