തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർധിക്കാൻ കാരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമങ്ങൾ ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചു വരുകയാണ്.
പൊലീസിന്റെ അനാസ്ഥയാണ് പാറ്റൂരിലെ സംഭവത്തിന് കാരണം. സംഭവം നടന്ന ഉടനെ പൊലീസിനെ വിളിച്ചെങ്കിലും ഇരയായ സ്ത്രീയെ സഹായിക്കാൻ ആരുമെത്തിയില്ല. അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പൊലീസ് എത്തിയിരുന്നെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു.
മൂന്ന് ദിവസം കഴിഞ്ഞാണ് പൊലീസ് സംഭവത്തിൽ കേസെടുത്തതെന്നതിൽ നിന്നു തന്നെ പൊലീസിന്റെ വീഴ്ച മനസിലാക്കാം. എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് കേരളത്തിലെ സ്ത്രീ സുരക്ഷ എത്രത്തോളം മോശമാണ് എന്നതിന്റെ ഉദാഹരണമാണ്. അഞ്ച് കിലോമീറ്ററിനുള്ളിൽ അഞ്ച് മാസത്തിനിടെ ഏഴ് അക്രമങ്ങളാണ് തിരുവനന്തപുരത്തുണ്ടായത്.
ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിന് കാരണം. പൊലീസ് പലപ്പോഴും കുറ്റവാളികൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. പാറ്റൂരിലെ അതിജീവിതയെ സഹായിക്കാൻ അധികൃതർ ആരും തയ്യാറായില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ.സി ബീന, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.