കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം രാജിവെക്കുന്നില്ലെങ്കിൽ അവിശ്വാസ നടപടികളുമായി മുന്നോട്ടുപോകുമെന്ന പി.ജെ. ജോസഫിെൻറ അന്ത്യശാസനം ജോസ് പക്ഷം വീണ്ടും തള്ളി. വെള്ളിയാഴ്ചയായിരുന്നു അന്ത്യശാസന സമയം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നിലവിൽ കരാറൊന്നും ഇല്ലെന്നും കെ.എം. മാണിയുടെ സാന്നിധ്യത്തിൽ 2015ൽ ഒപ്പിട്ട കരാറിെൻറ രേഖ പുറത്തുവിട്ടും ജോസ് പക്ഷം നിലപാട് ആവർത്തിച്ചു.
പ്രസിഡൻറ് സ്ഥാനം ഒരുകാരണവശാലും രാജിവെക്കില്ലെന്ന് ജോസ് പക്ഷം വ്യക്തമാക്കി. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായി പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലും പറഞ്ഞു. പാർട്ടി തീരുമാനം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ജോസ് പക്ഷം നേതാക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, ഇനി കാര്യങ്ങൾ യു.ഡി.എഫ് തീരുമാനിക്കട്ടെയെന്നും വിഷയം ചർച്ച ചെയ്യുകയാണെന്നും ജോസഫ് വിഭാഗം അറിയിച്ചു. ഇതിനിടെ, ജോസ്-ജോസഫ് തർക്കം കോൺഗ്രസ് നേതൃത്വം യു.ഡി.എഫിെൻറ പരിഗണനക്ക് വിട്ടു. ഒരുവട്ടംകൂടി ഇരുപക്ഷവുമായി ചർച്ചചെയ്യും.
തുടർന്ന് യു.ഡി.എഫ് നേതൃത്വം അന്തിമ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ ജോസ് പക്ഷവുമായി കൂടിക്കാഴ്ച തുടരുകയാണ്. കടുത്ത നിലപാട് എടുക്കുന്നതിൽനിന്ന് ജോസഫിനെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. വ്യാഴാഴ്ച ചേർന്ന ജോസ് പക്ഷം പാർലമെൻററി പാർട്ടി യോഗം പ്രസിഡൻറ് സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയും ഇതേനിലപാടാണ് സ്വീകരിച്ചത്. കരാർ പാലിക്കുന്നില്ലെങ്കിൽ ജില്ല പഞ്ചായത്തില്‍ അവിശ്വാസ പ്രമേയവുമായി നീങ്ങാനാണ് ജോസഫിെൻറ തീരുമാനം. എന്നാൽ, അതിന് ജോസഫ് പക്ഷത്തിന് കഴിയിെല്ലന്നും ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.