സി.പി.ഐയുടെ വീമ്പുപറച്ചിൽ വേശ്യയുടെ ചാരിത്ര പ്രസംഗത്തിന് തുല്യം -ജോസഫ് എം. പുതുശ്ശേരി

കോട്ടയം: നാലു കോടി അറുപത്തഞ്ചു ലക്ഷം രൂപക്ക് തങ്ങൾക്കു ലഭിച്ച തിരുവനന്തപുരം പാർലമെന്‍റ് സീറ്റു സ്വാശ്രയ കോളജ് മുതലാളിക്കു വിറ്റ പാർട്ടിയാണ് സി.പി.ഐ എന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസഫ് എം. പുതുശ്ശേരി. ഇതു സംബന്ധിച്ച ലോകായുക്തയിൽ കേസ് വന്നപ്പോൾ പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കത്തിച്ചു കളഞ്ഞെന്നു സത്യവാങ്മൂലം നൽകിയതും സി.പി.ഐ ആണ്. ഇതിലൂടെ ലോകത്തു ഒരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച പാർട്ടിയെന്നു അവർക്കഭിമാനിക്കാം. പാർട്ടിയുടെ അന്വേഷണ കമീഷൻ തന്നെ സ്ഥിരീകരിച്ച ഈ അഴിമതി തങ്ങൾ പുരപ്പുറത്ത് കയറി നിന്നു ഉദ്ഘോഷിക്കുന്ന ഏത് "ആദർശ പരിപ്രേഷ്യത്തിൽ"പ്പെട്ടതാണന്നു മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുമ്പ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വിശദീകരിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.   

സി.പി.ഐയുടെ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നു തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. മുന്നണി ബന്ധം സംബന്ധിച്ചു ഞങ്ങൾ ആർക്കും അപേക്ഷ നൽകിയിട്ടില്ല. എന്നിട്ടും സ്ഥനത്തും അസ്ഥാനത്തും കേരളാ കോൺഗ്രസിനെ കടന്നാക്രമിക്കുന്നതു അസ്തിത്വ ഭയം കൊണ്ടാണ്. സി.പി.എമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു നേരെ പറയാനുള്ള ആർജ്ജവം കാണിക്കണം. അതിന് ധൈര്യമില്ലാതെ നിഴൽ യുദ്ധം നടത്തുന്നതു ആരെ ബോദ്ധ്യപ്പെടുത്താനാണ്?.     

കൊലപാതകത്തിനെതിരായ സി.പി.ഐ. നിലപാടിന്‍റെ പൊള്ളത്തരവും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മൂന്നു ദിവസത്തിനിടെ രണ്ടു പേരുടെ ജീവൻ എടുത്ത പാർട്ടിയാണ് സി.പി.ഐ. പ്രവാസി സുഗതന്‍റേയും മണ്ണാർക്കട്ടെ സഫീറിന്‍റേയും ജീവനെടുത്ത കേസിൽ അറസ്റ്റിലായവർ അറിയപ്പെടുന്ന ഏ.ഐ.വൈ.എഫ്. ഭാരവാഹികളും മണ്ണാർകാട്ട് പൊതുസമ്മേളനം നടത്തി കാനം രാജേന്ദ്രൻ തന്നെ നേരിട്ടെത്തി ആഘോഷപൂർവം സി.പി.ഐയിൽ അംഗത്വം നൽകിയവരുമാണ്. എന്നിട്ടും ഇതിൽ തങ്ങൾക്കു ബന്ധമില്ലെന്നു പറയുന്ന കാനം രാജേന്ദ്രൻ നടത്തുന്നതു ആത്മവഞ്ചനയാണ്. ഈ ആത്മവഞ്ചന കലയും തൊഴിലുമാക്കി അധികനാൾ ആളുകളെ പറ്റിക്കാമെന്നു സി.പി.ഐ. കരുതേണ്ടന്നും പുതുശ്ശേരി പറഞ്ഞു. 


 

Tags:    
News Summary - Kerala Congress m Leader Joseph M Puthusery React CPI Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.