കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി: ഉമ്മന്‍ ചാണ്ടിക്കെതിരെ  പി.ജെ. കുര്യനും പി.സി. ചാക്കോയും 

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കും വി.എം. സുധീരനും വിമര്‍ശനം. യോഗത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നത് ശരിയായില്ളെന്ന് തുറന്നടിച്ച പ്രഫ. പി.ജെ. കുര്യന്‍, അതിനെ ശക്തമായി അപലപിക്കുന്നതായി അറിയിച്ചു. ഒരാളുടെ സൗകര്യംനോക്കി രാഷ്ട്രീയകാര്യസമിതി യോഗം നീട്ടിക്കൊണ്ടുപോയത് ശരിയായില്ളെന്ന് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് പി.സി. ചാക്കോയും വ്യക്തമാക്കി. മുന്‍ കെ.പി.സി.സി പ്രസിഡന്‍റുകൂടിയായ കെ. മുരളീധരനെതിരെ പാര്‍ട്ടി വക്താവ് സ്ഥാനത്തിരുന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കടുത്ത ആക്ഷേപം ചൊരിഞ്ഞിട്ടും മൗനംപാലിച്ച സുധീരന്‍െറ നടപടിയാണ് കടുത്ത വിമര്‍ശനത്തിന് വിധേയമായത്. രാഷ്ട്രീയകാര്യസമിതി യോഗം ചേരാതെ ചില കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നയം പ്രഖ്യാപിക്കുന്ന സുധീരന്‍െറ നിലപാടിനെതിരെയും വിമര്‍ശനം ഉണ്ടായി.

നേരത്തേ പ്രഖ്യാപിച്ചതുപോലെ ശനിയാഴ്ച ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയോഗത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നു. എന്നാല്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടിയെപ്പോലൊരാള്‍ വിട്ടുനിന്നത് ശരിയായില്ളെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. യോഗത്തില്‍ സംസാരിച്ചുതുടങ്ങിയ പി.സി. ചാക്കോ ആണ് ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം തുടങ്ങിവെച്ചത്. ഒരു വ്യക്തിയുടെ പേരില്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി നേരത്തേ കൂടണമായിരുന്നെന്ന ചാക്കോയുടെ അഭിപ്രായം ശരിയാണെങ്കിലും അതിന്‍െറ പഴി ആരുടെയും തലയില്‍ ചാരരുതെന്നായിരുന്നു എം.എം. ഹസന്‍െറ മറുപടി. യോഗം ചേരാനാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

യു.ഡി.എഫും കോണ്‍ഗ്രസും നിര്‍ജീവമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞത് ശരിയായില്ളെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സ്വയംവിമര്‍ശനമാണ് താന്‍ നടത്തിയതെന്ന് കെ. മുരളീധരന്‍ മറുപടി നല്‍കി. നടപടി ഉണ്ടാവില്ളെന്ന് അറിയാവുന്നതിനാല്‍ ഉണ്ണിത്താനെതിരെ നടപടി വേണമെന്ന് താന്‍ പറയുന്നില്ല. ദുബൈയില്‍ മുഖ്യമന്ത്രിയും എല്ലാ പാര്‍ട്ടികളിലെയും നേതാക്കളും പങ്കെടുത്ത പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചത്. ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് കേരളത്തില്‍ മുന്നോട്ടുപോകാനാവില്ല. അങ്ങനെ പറഞ്ഞാല്‍ ഉടന്‍ താന്‍ ഗ്രൂപ് മാറിയെന്ന് പറയും. അങ്ങനെ പറഞ്ഞാലും കുഴപ്പമില്ല. താഴത്തേട്ടില്‍ സംഘടന ദുര്‍ബലമാണെന്ന് അംഗീകരിച്ചേ മതിയാകൂവെന്നും മുരളി ചൂണ്ടിക്കാട്ടി. മുരളിയെ പിന്തുണച്ച കെ.സി. ജോസഫും ബെന്നി ബഹനാനും ഉണ്ണിത്താനെതിരെ കടുത്ത വിമര്‍ശനം നടത്തി. 

 കെ.ബാബുവിന്‍െറ കാര്യത്തില്‍ കമ്മിറ്റി ചേര്‍ന്ന് അഭിപ്രായം പറയാമെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്‍റ് ഇപ്പോള്‍ പല കാര്യങ്ങളിലും അങ്ങനെയല്ളെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി. . യഥാര്‍ഥ സൗഹൃദമില്ളെങ്കില്‍ പാര്‍ട്ടി ശക്തിപ്പെടില്ളെന്നും ജോസഫ് പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താന്‍ സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. സംഭവിച്ചതെല്ലാം കഴിഞ്ഞെന്നും ഇനി പോസ്റ്റ്മോര്‍ട്ടത്തിനൊന്നും പോകുന്നില്ളെന്നും സുധീരന്‍ മറുപടിയില്‍ വ്യക്തമാക്കി. 

Tags:    
News Summary - kpcc, oomman chandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.