കോട്ടയം: കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലെ ഭിന്നത പരിഹരിക്കാനുള്ള സമവായ നീക്കങ്ങൾക്കിടെ കടന്നുവരുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിന് വെല്ലുവിളിയാകുന്നു. ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ഇടതുമുന്നണിയും ബി.ജെ.പിയും ആരംഭിച്ചതോടെ കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഠിനശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം.
കുട്ടനാട് കേരള കോൺഗ്രസ്-എമ്മിെൻറ സീറ്റായതിനാൽ പാലാ ആവർത്തിക്കുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കിനിൽക്കേ ഉപതെരഞ്ഞെടുപ്പിെൻറ രാഷ്്ട്രീയ നേട്ടങ്ങളും യു.ഡി.എഫ് ഗൗരവമായി വിലയിരുത്തുന്നുണ്ട്. ആദ്യം അധികാരത്തർക്കം പരിഹരിക്കാനുള്ള ചർച്ചകളിലാണ് യു.ഡി.എഫ്. കുട്ടനാട്ടിൽ ആരെ മത്സരിപ്പിക്കണമെന്നതും മുന്നണിയെ വലക്കുന്നു. സീറ്റ് എന്തുവിലകൊടുത്തും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ജോസ് വിഭാഗം. ജോസഫ് പക്ഷവും വിട്ടുവീഴ്ചക്ക് തയാറല്ല. തങ്ങളുടെ സ്ഥാനാർഥിയാകും മത്സരിക്കുകയെന്ന സൂചന ജോസഫ് പക്ഷം നൽകുന്നുണ്ട് .
കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനെ വീണ്ടും സ്ഥാനാർഥിയാക്കാനാണ് ജോസഫ് പക്ഷത്തിെൻറ നീക്കം. അത് അംഗീകരിക്കില്ലെന്ന് ജോസ് വിഭാഗവും പറയുന്നു. മുമ്പ് ജോസഫിെൻറ ഏറ്റവും വിശ്വസ്തനായ ഡോ. കെ.സി. ജോസഫ് സ്ഥിരമായി വിജയിച്ചിരുന്ന മണ്ഡലമാണ് കുട്ടനാട്. അദ്ദേഹം ഇപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിലാണ്. ഇരു കേരള കോൺഗ്രസുമായും ധാരണയിലെത്താൻ കഴിയുന്നില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കണമെന്ന ചർച്ചകൾ കോൺഗ്രസിലുമുണ്ട്.
ഇടതുമുന്നണിയും മികച്ച സ്ഥാനാർഥിയെ തേടുകയാണ്. എൻ.സി.പിക്കും വിജയസാധ്യതയുള്ള സ്ഥാനാർഥികളില്ല. തോമസ് ചാണ്ടിയുടെ കുടുംബത്തിൽനിന്ന് ഒരാളെയാണ് അവർ തേടുന്നത്. മികച്ച സ്ഥാനാർഥിയില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാൻ സി.പി.എമ്മും മടിക്കില്ലെന്ന സൂചനകളും ശക്തമാണ്. ബി.ജെ.പി-ബി.ഡി.ജെ.എസ് തർക്കം എൻ.ഡി.എയിലും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.