തിരുവനന്തപുരം: മുന്നണി വിപുലീകരണവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചചെയ്യാൻ എൽ.ഡി.എഫ് സംസ്ഥാനസമിതി യോഗം ഞായറാഴ്ച ചേരും. വൈകീട്ട് മൂന്നിന് എ.കെ.ജി സെൻററിലാണ് യോഗം. എൽ.ഡി.എഫിെൻറ വിപുലീകരണം തന്നെയാകും മുഖ്യ അജണ്ടയെന്നാണ് സൂചന. തോമസ് ചാണ്ടി വിഷയം ചർച്ചചെയ്യാൻ നവംബറിലാണ് എൽ.ഡി.എഫ് അടിയന്തരയോഗം ചേർന്നത്. അതിനുശേഷം സി.പി.െഎയുടെ മന്ത്രിസഭായോഗ ബഹിഷ്കരണം, മൂന്നാർ, കോൺഗ്രസ് വിഷയങ്ങളിൽ സി.പി.എം-സി.പി.െഎ നേതാക്കൾ തമ്മിലുണ്ടായ തർക്കം, ഒാഖി ദുരന്തം എന്നിവയൊക്കെയുണ്ടായി. അക്കാര്യങ്ങളെല്ലാം ചർച്ചചെയ്യും.
ഒാഖി ദുരിതബാധിതർക്കുള്ള സഹായനിധി രൂപവത്കരിച്ച് സി.പി.എം ഫണ്ട് സ്വരൂപണം ആരംഭിച്ചിട്ടുണ്ട്. എൽ.ഡി.എഫ് നേതൃത്വത്തിലും ഇത്തരത്തിൽ ഫണ്ട് സ്വരൂപണം, മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമപ്രവർത്തനം എന്നിവ ചർച്ചചെയ്യുമെന്ന് സൂചനയുണ്ട്. ജെ.ഡി.യു, ആർ.എസ്.പി തുടങ്ങിയ പാർട്ടികൾ എൽ.ഡി.എഫിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. കഴിഞ്ഞദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ജെ.ഡി.യു വരുന്നതിനോട് അനുകൂല നിലപാടാണെടുത്തത്.
ജെ.ഡി.യു, ആർ.എസ്.പി പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയാൽ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ കാര്യമായ തടസ്സങ്ങളില്ലെന്നാണ് സി.പി.എമ്മിെൻറയും സി.പി.െഎയുടേയും വിലയിരുത്തൽ. എന്നാൽ, കേരള കോൺഗ്രസ് എമ്മിെൻറ കാര്യത്തിൽ സി.പി.എമ്മിനുള്ളിലും സി.പി.െഎ ഉൾപ്പെടെ ഘടകകക്ഷികൾക്കും കടുത്തവിയോജിപ്പുണ്ട്.
ബി.ഡി.ജെ.എസിെൻറ കാര്യവും ചർച്ചക്ക് വരുമെന്നാണ് സൂചന. ബി.ഡി.ജെ.എസിനെ എൽ.ഡി.എഫിൽ എത്തിക്കുന്നതിനുള്ള ചില നീക്കങ്ങൾ എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തുന്നുണ്ട്. അതിനുപുറമെ പുതുവർഷത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധ സമരങ്ങൾ എന്നിവക്കൊക്കെ എൽ.ഡി.എഫ് യോഗം രൂപം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.