ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവായ മല്ലികാർജുന ഖാർഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ഹൈക്കമാൻഡ് നിയമിച്ചു. 2019ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഖാർഗെക്ക് ചുമതല നൽകിയത്. മഹാരാഷ്ട്രയുടെ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറി മോഹൻ പ്രകാശിന്‍റെ പിൻഗാമിയായാണ് ഖാർഗെയുടെ നിയമനം.
കൂടാതെ, മഹാരാഷ്ട്രയുടെ ചുമതല നൽകി മൂന്നു പേരെ എ.ഐ.സി.സി സെക്രട്ടറിമാരായും നിയമിച്ചു. സോണൽ പട്ടേൽ (ഗുജറാത്ത്), ആശിശ് ദുഅ(ഹരിയാന), സമ്പത്ത് കുമാർ (തെലങ്കാന) എന്നിവരാണ് പുതിയ സെക്രട്ടറിമാർ.
വി.ഡി. സതീശനെ ഒഡിഷയിൽ സ്ഥാനാർഥി നിർണയത്തിെൻറ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനാക്കി. ആന്ധ്രയുടെ ചുമതല നൽകി രണ്ടു സെക്രട്ടറിമാരെയും എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ക്രിസ്റ്റഫർ തിലക്, സി.ഡി. മെയ്യപ്പൻ എന്നിവരാണിവർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ആന്ധ്രയുടെ പൂർണ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി. 2019ൽ തന്നെയാണ് ആന്ധ്രയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടിനെ സഹായിക്കാൻ ജെ.ഡി. സീലം, മഹേന്ദ്ര ജോഷി എന്നിവരെ സെക്രട്ടറിമാരായും ശശികാന്ത് ശർമയെ ജോയൻറ് സെക്രട്ടറിയായും നിയോഗിച്ചു. ആന്ധ്ര ചുമതലയുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ തമിഴ്നാട്ടിൽനിന്നുള്ള ക്രിസ്റ്റഫർ തിലക്, സി.ഡി. മെയ്യപ്പൻ എന്നീ സെക്രട്ടറിമാർ സഹായിക്കും.
രാജസ്ഥാനിൽ സ്ഥാനാർഥി നിർണയ സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷ കുമാരി ഷെൽജയാണ്. മധ്യപ്രദേശിൽ മധുസൂദനൻ മിസ്ത്രി, ഛത്തിസ്ഗഢിൽ ഭുവനേശ്വർ കലിത, മിസോറമിൽ ലൂസിഞ്ഞോ ഫലേറിയോ എന്നിവരെയും സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷരാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.