'ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല'; എം.വി. ഗോവിന്ദനെതിരായ ആക്രമണത്തെ 'പ്രതിരോധിക്കാൻ' മന്ത്രി റിയാസ് രംഗത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളെയും കടന്നാക്രമണങ്ങളെയും 'പ്രതിരോധിക്കാൻ' മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. സി.പി.എം സെക്രട്ടറിയായി എം.വി. ഗോവിന്ദൻ ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യന്മാരെന്ന് മന്ത്രി റിയാസ് പറഞ്ഞു. മുൻകാലങ്ങളിലും സി.പി.എം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യന്മാരുടെ വളഞ്ഞിട്ടടി ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിനെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്. അന്നും ഇന്നും എന്നും ഇത്തരം ഗൂഢനീക്കങ്ങളെ ഞങ്ങൾ പ്രതിരോധിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

രാഷ്ട്രീയ നേതാവാണെങ്കിൽ 'തറവാടിത്തം' വേണമെന്നാണ് ഇന്ന് കെ.പി.സി.സി പ്രസിഡൻറ്റ് സി.പി.എം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് 'മിതത്വം' വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞുവെക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും 'മിതത്വം' കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്.

മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല -മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

നേരത്തെ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ ആക്രമണമുണ്ടായപ്പോൾ മന്ത്രിമാർ സ്വന്തം പ്രതിച്ഛായ ഓർത്ത് അഭിപ്രായം പറയാൻ മടിക്കുന്നുവെന്ന തരത്തിലുള്ള മന്ത്രി റിയാസിന്‍റെ പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സി.പി.എമ്മിലെയും ഘടകക്ഷികളിലെയും മന്ത്രിമാര്‍ പ്രതിരോധിക്കുന്നില്ലെന്ന വിമർശന സൂചനയാണ് റിയാസ് നൽകിയത്. എന്നാൽ, കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ചിടത്തോളം പ്രതിച്ഛായ എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിച്ഛായയാണെന്ന അഭിപ്രായവുമായി മന്ത്രി എം.ബി. രാജേഷ് വന്നതോടെ വിഷയം പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാവുകയും ചെയ്തിരുന്നു. 

Tags:    
News Summary - Minister PA Muhammed Riyas facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-26 01:06 GMT