പത്തനംതിട്ട: ഇടുക്കി ജില്ലയിലെ ൈകയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലാണെങ്കിൽപോലും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.എം സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗമായ മന്ത്രി എം.എം. മണിയുമായി ആലോചിക്കണമെന്ന നിർദേശം സി.പി.എം--സി.പി.െഎ ബന്ധം കൂടുതൽ വഷളാകാൻ കാരണമാകും.
1964ൽ പാർട്ടി പിളർന്നത് മുതൽ തോട്ടം മേഖലയിലെ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരത്തിൻറ ഭാഗമാണ് ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളുടെയും പോര്. ഇതേസമയം, 2002ൽ യു.ഡി.എഫ് ഭരണകാലത്ത് മതികെട്ടാനിൽ കുരിശ് നീക്കം ചെയ്തപ്പോൾ, ഇല്ലാതിരുന്ന വിവാദം പാപ്പാത്തിച്ചോലയിൽ മുഖ്യമന്ത്രി ഉയർത്തിയതിനെ സി.പി.െഎ സംശയത്തോടെയാണ് കാണുന്നത്.
മലയോര മേഖലയിൽ ഭരണമുണ്ടെന്ന തോന്നൽ വരണമെങ്കിൽ റവന്യൂ, പൊലീസ്, വനം വകുപ്പുകളുടെ നിയന്ത്രണമാണ് വേണ്ടത്. ഭൂമിയുമായി ബന്ധപ്പെട്ടാണ് കുടിയേറ്റ മേഖലയിലെ രാഷ്ട്രീയം എന്നതിനാലാണിത്. റവന്യൂ, വനംവകുപ്പുകളുമായി ബന്ധപ്പെട്ടാണ് മലയോര കർഷകരുടെ ഭൂമി പ്രശ്നം. പട്ടയവുമായി ബന്ധപ്പെട്ട സമരങ്ങളിൽ എ.കെ.ജിയും സി.പി.എമ്മും മുന്നിലുണ്ടെങ്കിലും 1967ന് ശേഷം റവന്യൂ വകുപ്പ് കൈകാര്യം ചെയ്യാൻ സി.പി.എമ്മിനു കഴിഞ്ഞിട്ടില്ല. കുടിയേറ്റ കര്‍ഷകര്‍ക്ക് പൂർണാവകാശത്തോടെയുള്ള പട്ടയം ലഭ്യമാക്കിയത് 1969ലെ സർക്കാറിൽ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ നേതാവ് കെ.ടി. ജേക്കബാണ്.
പാപ്പാത്തിച്ചോല കുരിശ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് ഇടുക്കിയിൽനിന്നുള്ള മന്ത്രിയെന്ന നിലയിൽ റവന്യൂ കാര്യങ്ങൾ എം.എം. മണിയോട് ആലോചിക്കണമെന്ന നിർദേശം വന്നത്. ഇതു സി.പി.െഎ നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. വകുപ്പ് സി.പി.െഎക്കാണെങ്കിലും ഇടുക്കിയിൽ സി.പി.എം കാര്യങ്ങൾ തീരുമാനിക്കുന്ന സാഹചര്യമാണുണ്ടാകുക. ഇതു അംഗീകരിക്കാനാകില്ലെന്നാണ് മുതിർന്ന സി.പി.െഎ നേതാവ് പറഞ്ഞത്. ഇന്ന് റവന്യൂ വകുപ്പെങ്കിൽ നാളെ വനം അടക്കം മുഴുവൻ വകുപ്പുകളുടെയും കാര്യങ്ങൾ ജില്ലയിൽനിന്നുള്ള മന്ത്രിയോട് ആലോചിച്ച് ആയിരിക്കണം തീരുമാനിക്കേണ്ടത് എന്ന സ്ഥിതി വരും.
2002ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ മതികെട്ടാനിലെ കുരിശ് നീക്കം ചെയ്തതിനെ എതിർക്കാതിരുന്ന സി.പി.എം പാപ്പാത്തിച്ചോലയിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചുവെന്നും സി.പി.െഎ വിലയിരുത്തുന്നു. അന്ന് ദേവികുളം ആർ.ഡി.ഒയായിരുന്ന ടി.ടി. ആൻറണിയുടെ ഉത്തരവോട് കൂടിയാണ് കുരിശ് നീക്കം ചെയ്ത് ഭൂമി തിരിച്ചുപിടിച്ചത്. എന്നാൽ, ചിന്നക്കനാൽ വില്ലേജിലെ പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ചത് വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.ചിന്നക്കനാല്‍ വില്ലേജ് ഓഫിസില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി നേരത്തേ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
1964ലെ പിളർപ്പിനെ തുടർന്ന് മൂന്നാർ മേഖലയിലെ തോട്ടങ്ങളിൽ സി.പി.െഎക്കായിരുന്നു ആധിപത്യമെന്നതാണ് ഇരുപാർട്ടിയും തമ്മിലുള്ള പോരിനു കാരണം. മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തോട്ടം മേഖലകളിലെ വല്യേട്ടനും സി.പി.െഎ ആയിരുന്നു. 1980ൽ ഇടതു മുന്നണി രൂപവത്കരണത്തിനു ശേഷവും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും നല്ല ബന്ധത്തിൽ ആയിരുന്നില്ല. കുഞ്ചിത്തണ്ണി പ്രവർത്തന മേഖലയായിരുന്ന എം.എം. മണി ദേവികുളം താലൂക്ക് സെക്രട്ടറിയാകുന്നതോടെയാണ് തേയിലത്തോട്ടം മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് ജില്ല സെക്രട്ടറിയായതോടെ, അതു ശക്തമായി. ഇതേസമയം, സി.പി.െഎയുടെ മുതിർന്ന നേതാവ് സി.എ. കുര്യൻ ആരോഗ്യകാരണങ്ങളാൽ പഴയതു പോലെ സജീവമല്ല. ഇതും സി.പി.എം അനുകൂലമാക്കി. സി.പി.െഎയെ പരസ്യമായി നേരിട്ടാണ് എം.എം. മണിയുടെ നേതൃത്വത്തിൽ പാർട്ടി വളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.