കോണ്‍ഗ്രസ് പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പൊലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ബഹുജന പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

സംസ്ഥാനത്തെ 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് സംസ്ഥാനത്തെ 564 പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് ചുരുങ്ങിയത് 1000 പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. രണ്ടോ അതില്‍ കൂടുതലോ മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരിക്കും ചിലയിടങ്ങളില്‍ ഒരു പൊലീസ് സ്‌റ്റേഷനിലേക്കുള്ള പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ചൂടറിയുന്ന ശക്തമായ പ്രക്ഷോഭമായി പൊലീസ് സ്‌റ്റേഷന്‍ പ്രതിഷേധ മാര്‍ച്ച് മാറും.

ഡി.സി.സി അധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, അതത് ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി ഭാരവാഹികള്‍, പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ബഹുജന പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകളില്‍ മേല്‍നോട്ടം നല്‍കും. അധികാരികളുടെ വിടുവേല ചെയ്യുകയല്ല പൊലീസിന്റെ പണിയെന്ന് അവരെ ഓർമപ്പെടുത്തുന്നതായിരിക്കും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം. കോണ്‍ഗ്രസിന്റെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും കരിങ്കൊടി കാട്ടിയതിനുമാണ് വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവുകളില്‍ കൈകാര്യം ചെയ്തത്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടില്ല. ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഗണ്‍മാന്‍മാരെ നിലക്ക് നിര്‍ത്തണം. അക്രമികളായ സി.പി.എമ്മുകാരെയും ഗണ്‍മാന്‍മാരെയും ന്യായീകരിക്കുക വഴി മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.

സി.പി.എമ്മിന്റെയും പിണറായി വിജയന്റെ ഗുണ്ടാപൊലീസിന്റെയും ചെയ്തികള്‍ക്ക് വരമ്പത്ത് തന്നെ കൂലി നല്‍കേണ്ടതാണ് എന്നതാണ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം. കോണ്‍ഗ്രസിന്റെ ഉന്നതമായ ധാര്‍മിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉള്‍ക്കൊണ്ട് നേതൃത്വം സംയമനം പാലിച്ചത് ബലഹീനതയായി കാണേണ്ട. തെരുവ് ഗുണ്ടയുടെ നിലവാരത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രകോപനപരമായി വെല്ലുവിളി നടത്തുമ്പോള്‍ ഇതിനെ നിസാരമായി കാണാന്‍ കോണ്‍ഗ്രസിനുമാകില്ല. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും. ശക്തമായി തന്നെ കോണ്‍ഗ്രസും തിരിച്ചടിക്കേണ്ടിവരും. അതിനുള്ള മുന്നറിയിപ്പ് കൂടിയാണ് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച്.

നവ കേരള സദസിന്റെ വാളന്റിയര്‍മാരായി നിയോഗിച്ചിരിക്കുന്ന സി.പി.എം ക്രിമിനലുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്.ഗവർണറെ അക്രമിക്കുന്ന കുട്ടിസഖാക്കളെ ലാളിക്കുന്ന പൊലീസ്, മുഖ്യമന്ത്രിക്കെതിരായി മുദ്രാവാക്യം വിളിക്കുന്ന കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതക്കുകയാണ്. മൃദു ഭാവേ ദൃഢകൃത്യേ എന്ന് പൊലീസ് മുദ്രാവാക്യം നവ കേരള സദസ് കാസര്‍ഗോഡ് നിന്ന് ആരംഭിച്ചത് മുതല്‍ മൃഗഭാവെ പിണറായി ദൃഢകൃത്യേ എന്നാക്കി മാറ്റി. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് വള്ളിപുള്ളി തെറ്റാതെ നടപ്പാക്കുകയാണ് പൊലീസ്. അത് തിരുത്താന്‍ തയാറായില്ലെങ്കില്‍ തിരുത്തിപ്പിക്കേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.

നവ കേരള സദസ് ജനം ബഹിഷ്‌കരിച്ചതിലുള്ള രോഷമാണ് സി.പി.എമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാട്ടുന്നത്. നവ കേരള സദസ് കടന്നുപോകുന്നിടങ്ങിളിലെല്ലാം സി.പി.എം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും വ്യാപക അക്രമപരമ്പരകളാണ് അഴിച്ചുവിടുന്നത്. ഇത് അസഹനീയവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ കെ.പി.സി.സിക്ക് നിശബ്ദമാകാനാകില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - More than five lakh people will participate in the Congress Police Station March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.