രാഷ്ട്രീയകാര്യസമിതി 14ന്; നിലപാടിലുറച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഒടുവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നു. കോണ്‍ഗ്രസിലെ ഭിന്നത മാറ്റമില്ലാതെ തുടരുകയും അതിനെതിരെ യു.ഡി.എഫ് ഘടകകക്ഷികള്‍ രംഗത്തുവരുകയും ചെയ്തതിന് പിന്നാലെ, ഈ മാസം 14ന് യോഗം ചേരാനാണ് കെ.പി.സി.സി തീരുമാനം. അതേസമയം, യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമിതിയോഗം മാറ്റിവെക്കേണ്ടതില്ളെന്നാണ് നേതാക്കളുടെ തീരുമാനം.

പുതുതായി നിയമിക്കപ്പെട്ട ഡി.സി.സി അധ്യക്ഷന്മാരുടെ യോഗം 10ന് കെ.പി.സി.സി വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംഘടനാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണിത്. ഇതിന് പിന്നാലെയാണ് 14ന് രാവിലെ 10ന് രാഷ്ട്രീയകാര്യസമിതി. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തെ തുടര്‍ന്നാണ് കെ.പി.സി.സിയുമായി ഉമ്മന്‍ ചാണ്ടി അപ്രഖ്യാപിത നിസ്സഹകരണത്തിലായത്. ഇനി പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടാവില്ളെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്.

നേതൃനിരയില്‍ ഇല്ലാത്തതിനാല്‍ രാഷ്ട്രീയകാര്യ സമിതിചേരാന്‍ സൗകര്യമുള്ള തീയതി നല്‍കാനും അദ്ദേഹം തയാറായില്ല. അതിനാല്‍ യോഗം വിളിച്ചുചേര്‍ക്കാനും കെ.പി.സി.സിക്ക് സാധിക്കാതെ വന്നു. തീയതി നിശ്ചയിക്കാന്‍ കെ.പി.സി.സി നേതൃത്വം ചൊവ്വാഴ്ച ബന്ധപ്പെട്ടെങ്കിലും താന്‍ അഭിപ്രായം പറയില്ളെന്ന മുന്‍നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് നേതാക്കള്‍ കൂടിയാലോചിച്ചാണ് 14ന് യോഗം ചേരാന്‍ ധാരണയായത്.

ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമോ എന്നതാണ് ഇനിയുള്ള രാഷ്ട്രീയ ഉദ്വേഗം. ഇന്നത്തെ സാഹചര്യത്തില്‍, രാഷ്ട്രീയകാര്യസമിതി യോഗ തീരുമാനത്തെക്കാള്‍ പ്രാധാന്യം ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം സംബന്ധിച്ചായിരിക്കും. വിട്ടുനില്‍ക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ അതുണ്ടാക്കുന്ന മുറിവ് ഏറെ വലുതായിരിക്കുകയും ചെയ്യും.

Tags:    
News Summary - oommen chandy kpcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.