നേതൃനിരയിലേക്കില്ലെന്നുറച്ച് ഉമ്മന്‍ ചാണ്ടി; തല്‍ക്കാലം സമവായത്തിന് മുതിരാതെ ഹൈകമാന്‍ഡ്

തിരുവനന്തപുരം: ഇനി നേതൃനിരയിലേക്കില്ളെന്ന നിലപാടിലുറച്ച്  ഉമ്മന്‍ ചാണ്ടിയും തല്‍ക്കാലം സമവായശ്രമങ്ങള്‍ വേണ്ടെന്ന് ഹൈകമാന്‍ഡും നിലപാടെടുത്തതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ അന്തശ്ഛിദ്രം മൂര്‍ച്ഛിക്കുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധി ഒപ്പമുണ്ടായിട്ടും പതിവിന് വിപരീതമായി കെ.പി.സി.സി ആസ്ഥാനം ഒഴിവാക്കി വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയുമായുള്ള അകല്‍ച്ച ഉമ്മന്‍ ചാണ്ടി ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. അതേസമയം, പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ആര് നീങ്ങിയാലും അംഗീകരിക്കാനാവില്ളെന്ന നിലപാടില്‍  ഹൈകമാന്‍ഡും ഉറച്ചുനില്‍ക്കുന്നു. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ തന്നെ വിശ്വാസത്തിലെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി നേതൃനിരയില്‍ നിന്ന് പിന്മാറുന്നെന്ന നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. അദ്ദേഹത്തെ ആശ്വസിപ്പിച്ച് പ്രശ്നപരിഹാരത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ  നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.

പുതിയ തീരുമാനത്തത്തെുടര്‍ന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗതീയതി നിശ്ചയിക്കുന്നതില്‍ പോലും പങ്കാളിയായതുമില്ല. തുടര്‍ന്നാണ് മറ്റ് നേതാക്കള്‍ ആലോചിച്ച് 14ലെ യോഗം  നിശ്ചയിച്ചത്. എന്നാല്‍, ഇതില്‍  ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ളെന്ന സൂചനയാണ് അഭിപ്രായപ്രകടനങ്ങള്‍ നല്‍കുന്നതും.
നേതൃനിരയില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കിലും ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിലുള്‍പ്പെടെ അദ്ദേഹം ഇടപെടുന്നുമുണ്ട്. നോട്ടുപിന്‍വലിക്കലും ബ്രിട്ടീഷ് കമ്പനിയുമായുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ബന്ധവും ചൂണ്ടിക്കാട്ടി  ബുധനാഴ്ചയും രംഗത്തുവന്നു. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാറിനെതിരെയുള്ള  ഉമ്മന്‍ ചാണ്ടിയുടെ ആരോപണം ഏറ്റെടുക്കാന്‍ ദേശീയനേതൃത്വം തയാറായിട്ടില്ല. എന്നാല്‍, ഇതൊന്നും തന്നെ ബാധിക്കില്ളെന്നാണ് ആരോപണം ആവര്‍ത്തിച്ചതിലൂടെ വ്യക്തമാക്കുന്നത്. നോട്ട്വിഷയത്തില്‍ കേരളത്തിലെ പ്രചാരണപരിപാടികളുടെ കോഓഡിനേറ്ററായി എ.ഐ.സി.സി നിയോഗിച്ച  കെ.വി. തങ്കബാലുവിന്‍െറ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ചത്തെ  വാര്‍ത്താസമ്മേളനം.

ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ തല്‍ക്കാലം ഇടപെടലുകളൊന്നും വേണ്ടെന്ന നിലപാടിലാണ് ഹൈകമാന്‍ഡ്. ഏതെങ്കിലും നേതാവിന്‍െറ ഇംഗിതത്തിന് വഴങ്ങുന്നത് തെറ്റായസന്ദേശം നല്‍കുമെന്ന നിലപാടിലാണ് അവര്‍. അതിനാലാണ് തര്‍ക്കം ഇത്രയേറെ വഷളായിട്ടും പ്രശ്നപരിഹാരത്തിന് കേന്ദ്രനേതാക്കളാരും ഇവിടേക്ക് വരാനോ സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനോ തയാറാകാത്തത്. രാഷ്ട്രീയകാര്യസമിതിയോഗത്തിന് മുമ്പ് കേന്ദ്രഇടപെടലിന് സാധ്യതയും കുറവാണ്. പ്രശ്നപരിഹാരത്തിന് സംഘടനതെരഞ്ഞെടുപ്പിന്‍െറ കാര്യത്തില്‍ ഉറപ്പുവേണമെന്ന ആവശ്യമാണ് ഉമ്മന്‍ ചാണ്ടിയുടേത്. എന്നാല്‍, എന്തെങ്കിലും ഉറപ്പുനല്‍കാന്‍ കഴിയാത്ത നിലയിലാണ് കേന്ദ്രനേതൃത്വം. നേതൃനിരയിലെ തര്‍ക്കം താഴത്തേട്ടിലേക്കും വ്യാപിക്കുകയാണ്. ഇടക്ക് നിര്‍ജീവമായ പാര്‍ട്ടിപ്രവര്‍ത്തനം വീണ്ടും സജീവമായിത്തുടങ്ങിയതിനിടെയാണ് നേതൃത്വത്തിലെ പടലപ്പിണക്കം.

 

Tags:    
News Summary - oommenchandy party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.