പി. ശ്രീരാമകൃഷ്ണൻ ഇതുവരെ പറഞ്ഞതെല്ലാം കള്ളമെന്ന് വ്യക്തമായി

തിരുവനന്തപുരം: സ്വർണ കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അടക്കം പ്രതിസന്ധിയിൽ. ഈ ആരോപണങ്ങളെല്ലാം ഉയർന്നപ്പോൾ സ്പീക്കർ ഉൾപ്പെടെ നേതാക്കളൊന്നും ഇതുവരെ സത്യം പറഞ്ഞില്ല. വലിയ കാറിൽ വന്നിറങ്ങിയപ്പോൾ പരിചയപ്പെട്ടുവെന്ന് തുടങ്ങി ഇതുവരെ ശ്രീരാമകൃഷ്ണൻ പറഞ്ഞതെല്ലാം കളവുകളായിരുന്നു.

മുൻ സ്പീക്കറുടെ ഔദ്യോഗികവസതിയിലാണ് പലതും നടന്നതെന്നാണ് സ്വപ്ന ആരോപിക്കുന്നത്. സ്പീക്കറുടെ വീടിന്റെ പേര് നീതിയെന്നാണ്. ആ നീതികേന്ദ്രത്തിനെതിരെയാണ് ആക്ഷേപം ഉയർന്നത്. സ്വപ്നയുടെ രാമപുരത്തെ വീട്ടിലേക്ക് മന്ത്രിമാർ എത്തിയിരുന്നു. ശിവശങ്കറിന്റെ വ്യക്തി താൽപര്യം അനുസരിച്ച് സ്വപ്ന ജോലിയുറപ്പിച്ചുവെന്നാണ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ, പുതിയ വെളിപ്പെടുത്തൽ പ്രകാരം വ്യവസ്ഥിതിയെ തകിടം മറിക്കുന്ന അവതാരമായിട്ടാണ് സ്വപ്ന പ്രവർത്തിച്ചത്.

സ്വപ്ന പുറത്തുവിട്ട ചിത്രങ്ങൾ ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണ്. സ്വപ്നയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി കനത്ത നിശബ്ദതയിലാണ്. യു.ഡി.എഫ് മന്ത്രിമാർക്ക് വേശ്യാലയ സംസ്കാരമാണുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് നിശബ്ദത പാലിക്കുന്നത്. സ്പ്രിങ്ളർ ഇടപാടിൽ ഗുണഭോക്താവ് മുഖ്യമന്ത്രിയുടെ മകളാണെന്ന് സ്വപ്ന ആരോപിക്കുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫിസിലെ സർവാധികാരിയായിരുന്നു. അദ്ദേഹമായിരുന്നു ഇടനിലനിന്നതെന്നും ഓർക്കുക.

മന്ത്രി കെ.ടി ജലീൽ വെല്ലുവിളിച്ചപ്പോൾ അദ്ദേഹം മാധ്യമം നിരോധിക്കണമെന്ന ആവശ്യപ്പെട്ട് എഴുതിയ കത്താണ് സ്വപ്ന പുറത്ത് വിട്ടത്. വീട്ടിൽ കയറ്റാൻ കഴിയാത്ത മന്ത്രിയാണ് ശബരിമലയിൽ സ്തീ ശാക്തീകരണം നടത്തിയതെന്നും സ്വപ്നയിലൂടെ കേരളം അറിഞ്ഞു. സംശയത്തിന് അതീതമായി തെളിയുന്ന കാര്യം ഉന്നതന്മാർ പലരുമായും സ്വപ്നക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ്. ജനാധിപത്യ സംസ്കാരത്തെ അവമതിക്കുന്ന തരത്തിലാണ് സ്വപ്നം ആരോപണം ഉന്നയിച്ചത്.

ജനങ്ങൾക്ക് ബോധ്യം വരുന്ന തരത്തിലുള്ള മറുപടിയല്ല മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഡോ. തോമസ് ഐസക്കും നൽകിയത്. മൂന്നാറിൽ പോയാൽ താമസിക്കാൻ സൗകര്യമില്ല എന്നൊക്കെ പറയുന്നത് ബാലിശമായ മറുപടിയാണ്. ശിവശങ്കരൻ സർക്കാരിനെ വഞ്ചിച്ചുവെന്നാണ് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞത്.

ഇപ്പോഴത്തെ വെളിപ്പെടുത്തൽ പ്രകാരം പലരും ഇതിന്റെ ഭാഗമായി. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടും ഒന്നും സംഭവിക്കുന്നില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിന് മറുപടി പറയാൻ ബാധ്യതയുണ്ട്. സ്വപ്നയുടെ കൈയിൽ തെളിവുണ്ടെന്ന് നേതാക്കന്മാർക്ക് അറിയാം. നിയമ നടപടിയൂടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ആർക്കും താൽപര്യമില്ല. നേതാക്കന്മാർ ജനങ്ങളുടെ മാനം സംരക്ഷിക്കാൻ കേസിന് പോകണം. എല്ലാ സംഭവത്തിലും ശിവശങ്കർ മാത്രം പ്രതിയായി.

ആരോപണത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കണമെന്നും എന്തെല്ലാം നടന്നുവെന്ന് അന്വേഷിക്കണമെന്നുമാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്തെല്ലാം നിയമവിരുദ്ധ പ്രവർത്തനത്തിന് സ്വപ്ന പങ്കാളിയായിയെന്നും അന്വേഷിക്കണം. നിയമസംവിധാനത്തിൽ കുറ്റവാളിക്ക് ഇരയാവാൻ കഴിയുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


Tags:    
News Summary - P. SreeRamakrishnan Everything had said so far was a lie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.