തൃശൂർ: കൊച്ചിയിൽ നടന്ന എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് പി.സി. ചാക്കോയും മന്ത്രി എ.കെ. ശശീന്ദ്രനും നേർക്കുനേർ. മന്ത്രിയെ മാറ്റാനുള്ള അവസാന ആയുധം പുറത്തെടുക്കുമെന്ന് ചാക്കോ മുന്നറിയിപ്പ് നൽകിയപ്പോൾ ഇനി ചാക്കോയുടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കിയതായാണ് വിവരം.
മന്ത്രിസ്ഥാനം ഒഴിയാമെന്ന അർധമനസ് ശശീന്ദ്രൻ വിഭാഗം ഉപേക്ഷിച്ചപ്പോൾ ശശീന്ദ്രനെ മാറ്റാൻ ഇടപെടലിന് കേന്ദ്ര നേതൃത്വത്തെ കാണാൻ ചാക്കോയും തോമസ് കെ. തോമസും പോയതായും അറിയുന്നു. ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശശീന്ദ്രനും തോമസ് കെ. തോമസും ടി.പി. പീതാംബരനും അടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. മന്ത്രിമാറ്റ വിഷയത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു യോഗം.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലും അച്ചടക്കം ലംഘിക്കുന്ന രീതിയിലും ശശീന്ദ്രൻ നടത്തിയ ഫോൺ സംഭാഷണം തന്റെ പക്കലുണ്ടെന്നും വേണ്ടിവന്നാൽ അത് പുറത്ത് വിടുമെന്നും ചാക്കോ മുന്നറിയിപ്പ് നൽകി. ഇതേച്ചൊല്ലി കുറച്ച് നേരം പരസ്പരം വാക്കേറ്റമുണ്ടായി. ഇതോടെ ശശീന്ദ്രനും തിരിച്ചടിച്ചു. പി.എസ്.സി നിയമന കോഴയുടെ വിവരങ്ങളും അതിലുള്ള പങ്കും വ്യക്തമായി അറിയാമായിരുന്നിട്ടും പറയാതിരുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയതിനാലാണെന്ന് ശശീന്ദ്രൻ പറഞ്ഞു.
ചാക്കോ താൽപര്യമെടുത്ത് പാർട്ടിയിൽ നിയമിച്ച ഒരാൾ പിന്നീട് മന്ത്രിയുടെ ഓഫീസ് ഭരിക്കാൻ ഇടപെട്ടു തുടങ്ങി. ഇദ്ദേഹമാണ് പിന്നീട് പി.എസ്.സി നിയമന കോഴ ഇടപാട് നടത്തിയത്. പുറമെ സുഗന്ധഗിരി കേസിലും വനം കൺസർവേറ്റർ വിഷയത്തിലുമുൾപ്പെടെ വകുപ്പിൽ ചാക്കോ നടത്തിയ ഇടപെടലുകളുടെ വ്യക്തമായ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും ചാക്കോ പറഞ്ഞ രീതിയിൽ ഇപ്പോൾ താൻ പറയുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. വനംവകുപ്പിൽ ചാക്കോ നടത്തിയ ഇടപെടലുകൾ മന്ത്രിസഭയിലും മുഖ്യമന്ത്രിക്ക് മുന്നിലും പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ശശീന്ദ്രൻ തുറന്നടിച്ചു. ഇതോടെ യോഗാന്തരീക്ഷം കലങ്ങി.
ചാക്കോയുടെ നേതൃത്വം അംഗീകരിച്ച് ഇനി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ശശീന്ദ്രൻ പക്ഷം. അതോടൊപ്പം ഈ അവസ്ഥയിൽ മന്ത്രിസ്ഥാനത്തുനിന്ന് മാറാനുമില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ശശീന്ദ്രൻ പക്ഷം അവകാശപ്പെടുന്നത്. മന്ത്രിസഭയിലും ഇടതുപക്ഷത്തും തുടരാൻ ഏതറ്റം വരെയും പോകാമെന്ന നിലപാടിലാണ് ഇവർ. അതേസമയം, മന്ത്രിമാറ്റത്തിനായി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് പി.സി. ചാക്കോയും തോമസ് കെ. തോമസും കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.