ഭോപ്പാൽ: നിരന്തരമായ ഇ.ഡി വേട്ടക്കൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് കാരണം ഇ.ഡിയുടെ വേട്ടയാണെന്ന് കോൺഗ്രസ്. ആത്മഹത്യയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി. സംഭവത്തെ തുടർന്ന് പ്രതിപക്ഷമായ കോൺഗ്രസും ഭരണകക്ഷിയായ ബി.ജെ.പിയും തമ്മിൽ രൂക്ഷമായ വാഗ്വാദം.
ഇന്ന് രാവിലെയാണ് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്നും 40 കിലോ മീറ്റർ അകലെ സെഹോർ ജില്ലയിൽ അഷ്ട നഗരത്തിലെ വീട്ടിൽ ബിസിനസുകാരനായ മനോജ് പാർമറെയും ഭാര്യ നേഹയെയും സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടയിൽ പാർമർ - നേഹ ദമ്പതികളുടെ മക്കൾ അവരുടെ സമ്പാദ്യ കുടുക്ക രാഹുലിന് കൈമാറിയത് വാർത്തയായിരുന്നു. ഇവരുടെ വീട്ടിൽ ഇ.ഡി പലവട്ടം പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് ദമ്പതികൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന് ഇ.ഡി പാർമറിന്റെ ഉടമസ്ഥതയിലുള്ള ഇൻഡോറിലെയും സെഹോറിലെയും അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തുവെന്നാണ് ഇ.ഡി അവകാശപ്പെട്ടത്. 3.5 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു. തുടർന്ന് പാർമറെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
സംഭവസ്ഥലത്തുനിന്നും പാർമറുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചെങ്കിലും ഉള്ളടക്കം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരണത്തിന് ഇ.ഡിയാണ് ഉത്തവാദി എന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ ദിഗ്‍വിജയ് സിങ്ങും ജിതേന്ദ്ര പട്‌വാരിയും രംഗത്തുവന്നു. ‘സർക്കാർ കൊല’ എന്നാണ് ജിതേന്ദ്ര പട്‌വാരി ദമ്പതികളുടെ ആത്മഹത്യയെ വിശേഷിപ്പിച്ചത്.
ഭാരത് ജോഡോ യാത്രയിൽ പാർമർ ദമ്പതികളുടെ കുട്ടികൾ അവരുടെ സമ്പാദ്യം നൽകിയതു മുതൽ ഇവരെ ഇ.ഡി നോട്ടപ്പുള്ളിയാക്കിയിരിക്കുകയായിരുന്നുവെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഇ.ഡി പാർമറെ വേട്ടയാടിയതെന്നും രാജ്യസഭ എം.പി ദിഗ്‍വിജയ് സിങ് ആരോപിച്ചു. മനോജ് പാർമർക്കു വേണ്ടി താൻ അഭിഭാഷകനെ ഏർപ്പെടാക്കിയിരുന്നുവെന്നും അദ്ദേഹം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇത് കോൺഗ്രസുകാരുടെ പഴയ കഴുകൻ സ്വഭാവമാണെന്നും സംസ്ഥാന ബി.ജെ.പിയുടെ മീഡിയ ഇൻചാർജ് ആശിഷ് അഗർവാൾ ആരോപിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനും അനന്തര നടപടികൾക്കുമായി കൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.