മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടി. ഒരു മാധ്യമ പ്രവര്‍ത്തക അവരുടെ ജോലി ചെയ്താല്‍ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരും മനക്കോട്ട കെട്ടുന്നത്.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്. പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസര്‍ക്കാര്‍ നടപടി. മാധ്യമപ്രവര്‍ത്തകക്കെതിരെ എടുത്ത പോലീസ് നടപടിയെ ശക്തമായി കെപിസിസി അപലപിക്കുന്നെന്നും കേസ് പിന്‍വലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Pinarayi government is slaughtering democracy by mass media freedom. K.Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.