പറയാനുള്ള കഴിവൊന്നും നഷ്ടമായിട്ടില്ല –പിണറായി

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്‍െറ കാര്യത്തില്‍ എന്തിനാണ് പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നതെന്നും ആര്‍ക്കുവേണ്ടിയാണതെന്നും എന്താണ് അതിന്‍െറ ഉദ്ദേശ്യമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ലെജിസ്ലേചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിലെ സി.പി.ഐ- സി.പി.എം തര്‍ക്കത്തില്‍ കാനം രാജേന്ദ്രനുള്ള  മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഏത് സംസ്ഥാനത്താണ് മന്ത്രിസഭ തീരുമാനം അതേപോലെ വെബ്സൈറ്റില്‍ ഇടുന്ന ഒരു സര്‍ക്കാറുള്ളത്. ഈ പറയുന്നവര്‍ അത് പറയട്ടേ. എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാ തീരുമാനങ്ങളും വെബ്സൈറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇവിടെ ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ലല്ളോ. ഇതേവരെ ഒന്നും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. പറയാതിരിക്കുന്നത് പറയാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടുപോയി എന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിച്ചേക്കേണ്ട. ഒന്നും അത്ര വേണ്ടാലോ എന്നതുകൊണ്ട് പറയുന്നില്ല എന്ന് മാത്രമേയുള്ളൂ. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാവുകയാണ്. എന്തിനാണതില്‍ പ്രതികരിക്കുന്നത് എന്ന് കരുതി ഒന്നും പറയാതിരിക്കുകയാണ്.

പക്ഷേ പറയാനുള്ള കഴിവൊന്നും ആര്‍ക്കും നഷ്ടപ്പെട്ടുപോയിട്ടില്ല. ഈ പറയുന്നവര്‍ അത് മനസ്സിലാക്കുന്നത് നല്ലതാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞങ്ങ് പോവുകയാണ് വേണ്ടതെങ്കില്‍ അതും ഒരു ഘട്ടത്തില്‍ ആവാം. അതൊന്നുമല്ല നാട് എല്‍.ഡി.എഫ് സര്‍ക്കാറില്‍നിന്ന് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കണം. അവര്‍ പലതും ആഗ്രഹിക്കുന്നുണ്ടെന്ന് ഈ സര്‍ക്കാറിന് നല്‍കുന്ന പിന്തുണയിലൂടെ വ്യക്തമാണ്. അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് എതിര്‍ക്കാന്‍ തയാറാവുന്ന ചിലര്‍ എന്നായാലും ഉണ്ടായേക്കാം. അതല്ല, ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആര്‍.ടി.ഐ നിയമം വന്നത്, അതില്‍ ഇടതുപക്ഷം വഹിച്ച പങ്ക്, അതിന്‍െറ പുരോഗമനപരമായ കാര്യം എന്നിവയൊക്കെയാണ് താന്‍ വിവരാവകാശ നിയമത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത്.

ആര്‍.ടി.ഐ നിയമം അനുസരിച്ച് ചില കാര്യങ്ങള്‍ ചോദിച്ചാല്‍ സ്വാഭാവികമായി നല്‍കാനാവില്ളെന്നും ഒപ്പം പറഞ്ഞു. അതിന് ഉദാഹരണമായി രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്ര പട്ടാളത്തെ നിയോഗിച്ചെന്നും എണ്ണം എത്രയാണെന്നും ചോദിച്ചാല്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ കഴിയില്ളെന്നും പറഞ്ഞു. അത് നല്‍കുന്നത് ശരിയുമല്ല. ഏതെങ്കിലും വിവരാവകാശ കമീഷണര്‍ അത് കൊടുക്കണമെന്ന് പറഞ്ഞാല്‍ അതിന് സാധിക്കില്ല. ഇതാണ് താന്‍ പറഞ്ഞത്. ഇതെങ്ങനെയാണ് വിവരാവകാശ നിയമത്തിന് എതിരാവുന്നത്. അതുകൊണ്ട് എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന് എതിരാണെന്ന് പറയാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - pinarayi to kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.