രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കും

പാട്ന: പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നേരത്തെ സ്ഥാപിച്ച ജൻ സുരാജ് എന്ന സംഘടനയെ ജൻ സുരാജ് പാർട്ടിയായി പ്രഖ്യാപിച്ചാണ് പ്രശാന്ത് കിഷോറിന്‍റെ രംഗപ്രവേശനം. ഗാന്ധിജയന്തി ദിനത്തിൽ പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ പാർടി പ്രഖ്യാപനം നടത്തിയത്.

ഒരു വർഷത്തിനകം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോർ രാഷ്ട്രീയ പാർട്ടിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിദേശകാര്യ സർവിസിൽ നിന്ന് വിരമിച്ച മനോജ് ഭാരതിയാണ് പാർട്ടിയെ നയിക്കുക. ബിഹാറിൽ അധികാരത്തിലെത്തുകയാണെങ്കിൽ മദ്യനിരോധനം ഒഴിവാക്കുമെന്നും അതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു.

കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്‌മ ചെയ്യുകയാണ്‌ പാർടിയുടെ പ്രധാന അജണ്ട. യുവാക്കൾക്ക് തൊഴിലവസരം നൽകും. പാവപ്പെട്ടവരുടെ സാമൂഹിക പെൻഷൻ തുക വർധിപ്പിക്കും -പ്രശാന്ത്‌ കിഷോർ പറഞ്ഞു.

'ബിഹാറിൽ കഴിഞ്ഞ 25-30 വർഷമായി ജനങ്ങൾ ഒന്നുകിൽ ആർ.ജെ.ഡിക്ക് അല്ലെങ്കിൽ ബി.ജെ.പിക്ക് എന്ന നിലയിലായിരുന്നു വോട്ട് ചെയ്തിരുന്നത്. ആ പതിവ് അവസാനിക്കണം. ഇതിന് പകരമായി വരുന്ന പാർട്ടി ഒരു കുടുംബപാർട്ടിയാവരുത്, ജനങ്ങൾ ചേർന്ന് രൂപീകരിച്ച പാർട്ടിയാവണം' -അദ്ദേഹം പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതക്ക് പിന്നാലെയാണ് പ്രശാന്ത് കിഷോർ നേരത്തെ ജൻ സുരാജ് എന്ന സംഘടനയുണ്ടാക്കിയത്. പിന്നീട്, കോൺഗ്രസുമായി അടുക്കുകയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. ആഴത്തിലുള്ള സംഘടനാ പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Prashant Kishor Launches Party Before Bihar Polls, Vows To End Liquor Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.