ചെന്നൈ: കരുണാനിധിയുടെ മൂത്തമകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയെ ഡി.എം.കെയിൽ തിരിച്ചെടുത്ത് പദവി നൽകാൻ സമ്മർദം. കരുണാനിധിയുടെ മരണത്തെ തുടർന്ന് ഇളയമകനും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ പാർട്ടി അധ്യക്ഷ സ്ഥാനേമറ്റെടുക്കാൻ നടപടി പുരോഗമിക്കുന്നതിനിടെയാണ് അഴഗിരിയെ പിന്തുണക്കുന്നവർ രംഗത്തുവന്നത്. അഴഗിരിയെ പാടെ തഴയരുതെന്ന് കരുണാനിധിയുടെ കുടുംബത്തിലും അഭിപ്രായമുയർന്നതായാണ് റിപ്പോർട്ട്.
അഴഗിരിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ അദ്ദേഹം പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതുപോലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി തമിഴ്ഗാനത്തോടുകൂടിയ വിഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരിക്കുകയാണ്. പാട്ടിലെ വരികളിൽ ഭീഷണിയുടെ സ്വരമുണ്ടെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തെ തഴഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന പരോക്ഷ സൂചനയാണിതിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ അഴഗിരിയുടെ മകൻ ദുരൈ ദയാനിധിയാണെന്നും സംശയമുയർന്നിട്ടുണ്ട്. അതേസമയം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടാണിതെന്നും ഇത് പാർട്ടിയുടെ ശത്രുക്കൾ പടച്ചുവിടുന്നതാണെന്നുമാണ് ഡി.എം.കെ നേതൃത്വത്തിെൻറ നിലപാട്.
ചൊവ്വാഴ്ച ഡി.എം.കെ നിർവാഹക സമിതിയോഗവും ആഗസ്റ്റ് 19ന് ജനറൽ കൗൺസിലും ചേരുന്നുണ്ട്. സ്റ്റാലിെൻറ സ്ഥാനാരോഹണം സംബന്ധിച്ച പ്രഖ്യാപനം ജനറൽ കൗൺസിലിൽ ഉണ്ടാവും. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ പിളർന്നതുപോലെ ഡി.എം.കെയിലും സംഭവിക്കാതിരിക്കണമെങ്കിൽ അഴഗിരിയെ തിരിച്ചെടുക്കണമെന്ന ആവശ്യം ഇവർ യോഗത്തിൽ ഉന്നയിച്ചേക്കും. സ്റ്റാലിനെ തുടർച്ചയായി വിമർശിച്ചതിെൻറ പേരിൽ ഡി.എം.കെ ദക്ഷിണമേഖല ഒാർഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയെ നാലുവർഷം മുമ്പാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് കരുണാനിധി പുറത്താക്കിയത്.
തമിഴക രാഷ്ട്രീയം നിലവിൽ ഡി.എം.കെക്ക് അനുകൂലമാണ്. എന്നാൽ, അഴഗിരി വെല്ലുവിളിയുമായി രംഗത്തിറങ്ങിയാൽ ലോക്സഭ തെരഞ്ഞെടുപ്പിലടക്കം പാർട്ടിയുടെ പ്രകടനത്തെ ബാധിക്കും. സഹോദരൻ പാർട്ടിയിൽ തിരിച്ചുവന്നാൽ ഭിന്നത രൂക്ഷമാവുമെന്ന് സ്റ്റാലിൻ ഭയപ്പെടുന്നു. ഇത് പാർട്ടിയെ തകർച്ചയിലേക്ക് നയിക്കുമെന്നും വിലയിരുത്തലുണ്ട്. അഴഗിരിയെ തൽക്കാലം മാറ്റിനിർത്തി മുന്നോട്ടുപോകാനാണ് പാർട്ടി ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകൻ, ദുരൈമുരുകൻ എന്നീ മുതിർന്ന നേതാക്കൾ സ്റ്റാലിനെ ഉപദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.