പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായെങ്കിലും പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. 2011 മുതൽ 2024 വരെ പാലക്കാട്ടുനിന്നുള്ള എം.എൽ.എയായിരുന്ന യു.ഡി.എഫിലെ ഷാഫി പറമ്പിൽ എം.പിയായതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ സ്ഥാനാർഥി രണ്ടാമതെത്തുകയും 2021ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ഇ. ശ്രീധരൻ നേരിയ വ്യത്യാസത്തിൽ, 3859 വോട്ടിന് പരാജയപ്പെടുകയും ചെയ്തതിലൂടെ ബി.ജെ.പിക്ക് ലഭിച്ച പ്രതീക്ഷയാണ് പാലക്കാടിനെ ശ്രദ്ധേയമാക്കുന്നത്.
പാലക്കാട് നഗരസഭയും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുൾപ്പെടുന്നത്. 1977 മുതൽ 1991 വരെയുള്ള കോൺഗ്രസ് സ്ഥാനാർഥി സി.എം. സുന്ദരത്തിന്റെ നീണ്ട പ്രാതിനിധ്യ കാലത്തിനുശേഷം ഇടത്- വലത് മുന്നണികളെ മണ്ഡലം മാറിമാറി തുണച്ചിട്ടുണ്ട്. 2016ൽ തന്റെ രണ്ടാം വിജയം ഷാഫി പറമ്പിൽ ആഘോഷിക്കുമ്പോൾ 40,076 വോട്ട് നേടി 29.09 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്ത് എൻ.ഡി.എയുടെ ശോഭ സുരേന്ദ്രനുണ്ടായിരുന്നു. തുടർന്ന് 2021ൽ ഷാഫി പറമ്പിൽ വിജയിക്കുമ്പോൾ ഇ. ശ്രീധരൻ 35.35 ശതമാനം വോട്ട് നേടിയായിരുന്നു രണ്ടാംസ്ഥാനത്ത്- മൂന്ന് ശതമാനം മാത്രം വ്യത്യാസം. ആ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ജയിക്കുന്ന ഘട്ടം വന്നപ്പോൾ സി.പി.എം വോട്ടുകളിൽ ഒരു പങ്ക് ഷാഫി പറമ്പിലിന് മറിച്ചുനൽകിയിരുന്നു.
ഷാഫിയുടെ പിൻഗാമിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലാണ് വരുകയെന്ന സൂചന വന്നതു മുതൽ ഡി.സി.സി നേതൃത്വത്തിൽ അലോസരം ശക്തമായിരുന്നു. ആദ്യം ഡി.സി.സി പ്രസിഡന്റ് സ്വന്തം പേരുതന്നെ മുന്നോട്ടുവെച്ചു. ജില്ലക്കകത്ത് പരിചയസമ്പന്നരായവർ മതിയെന്ന് പറഞ്ഞ് പിന്നാലെ ജില്ല നേതൃത്വവും രാഹുലിനെതിരെ രംഗത്തെത്തി. സി.പി.എം വോട്ടുകൾ ലഭിക്കാൻ സാധ്യതയുള്ളയാളെ സ്ഥാനാർഥിയാക്കണമെന്നും നിരന്തരം സി.പി.എമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മാങ്കൂട്ടം മത്സരിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് ജില്ല നേതൃയോഗത്തിൽ അഭിപ്രായമുയർന്നത്.
ഗ്രൂപ് പ്രതിനിധികളെന്ന നിലയിൽ വി.ടി. ബൽറാമിന്റെയും ഡോ. പി. സരിന്റെയും പേരുകളും സജീവ പരിഗണനയിൽ വന്നു. ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന് തന്നെ നറുക്കുവീണു.
സി.പി.എമ്മിനാണെങ്കിൽ ഇത് ജീവന്മരണ പോരാട്ടമാണ്. തുടർച്ചയായി രണ്ടു തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ പരിക്കും കോൺഗ്രസിന് വോട്ട് മറിക്കുന്നെന്ന ചീത്തപ്പേരും മറികടന്നേ മതിയാകൂവെന്ന നിലപാടിലാണ് നേതൃത്വം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ പേരാണ് പരിഗണന ലിസ്റ്റിലുള്ളതെങ്കിലും പൊതുസമ്മതനായ ശക്തനായ മറ്റൊരു സ്ഥാനാർഥിയെ കൊണ്ടുവരാൻ അണിയറ നീക്കം സജീവമാണ്.
19 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ വോട്ടിങ് ശതമാനത്തിൽ കുതിച്ചുചാട്ടം നടത്തിയ ബി.ജെ.പി തങ്ങൾക്ക് ലഭിച്ച സുവർണാവസരമായാണ് ഉപതെരഞ്ഞെടുപ്പ് കാണുന്നത്. പക്ഷേ, പടലപ്പിണക്കത്തിൽ തട്ടി പ്രതീക്ഷകളുടയുമോ എന്ന ആശങ്കയുണ്ട്. മലമ്പുഴ മണ്ഡലത്തിൽ രണ്ടു തവണ രണ്ടാമതെത്തിയ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ ഔദ്യോഗികമല്ലെങ്കിലും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിൽ കുതിപ്പുനൽകിയ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിഭാഗം രംഗത്തുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ശോഭ സുരേന്ദ്രന് അനുകൂലികള്‍ സ്ഥാനാർഥിത്വത്തിനായി വാദിക്കുന്നത്.
2021ലെ തെരഞ്ഞടുപ്പിൽ പാലക്കാട് നഗരസഭയിൽ 43.08 ശതമാനത്തോടെ എൻ.ഡി.എയും പിരായിരി മേഖലയിൽ 49.26 ശതമാനത്തോടെ യു.ഡി.എഫും, യഥാക്രമം 37.93, 36.05 ശതമാനത്തോടെ എൽ.ഡി.എഫുമാണ് ലീഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.