പാലക്കാട്: ഗ്രൂപ് പോരും അധികാരതർക്കവും നിലനിൽക്കുന്ന ബി.ജെ.പി സംസ്ഥാനഘടകത്തിലെ പുനഃസംഘടന ആർ.എസ്.എസിെൻറ കർശന നിരീക്ഷണത്തിലാക്കാൻ തീരുമാനം. ബി.ജെ.പി ഭാരവാഹി പട്ടികയിലേക്ക് സാധ്യമായിടത്തോളം സംഘ്പരിവാറുകാരെ എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങളിലേക്കും കൂടുതൽ ആർ.എസ്.എസുകാർ എത്തിയേക്കും. പല ജില്ല പ്രസിഡൻറുമാർക്കും സ്ഥാനം നഷ്ടമാവും. എന്നാൽ, ആർക്കും അലോസരമില്ലാത്ത രീതിയിൽ അവരെ മേൽകമ്മിറ്റികളിൽ ഉൾപ്പെടുത്തുമെന്നാണ് നേതാക്കൾ പറയുന്നത്. ജനരക്ഷായാത്ര വിജയമാണെന്ന നേതൃത്വത്തിെൻറ അവകാശവാദം ആർ.എസ്.എസ് പൂർണമായി വിശ്വസിക്കുന്നില്ല.
ആർ.എസ്.എസിെൻറ നേരിട്ടുള്ള ഇടപെടലിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. തീവ്രഹിന്ദുത്വം സംസ്ഥാനത്തെ വളർച്ചക്ക് വിഘാതമാകുമെന്നാണ് ഇവരുടെ വാദം. മെഡിക്കൽ കോളജ് അഴിമതിയിൽ ആരോപണ വിധേയനായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കൂടുതൽ ശക്തനാകുന്നത് ജനങ്ങളിൽ അവമതിപ്പുണ്ടാക്കുമെന്നും ഇൗ നേതാക്കൾക്ക് അഭിപ്രായമുണ്ട്.
ബൂത്ത് കമ്മിറ്റി മുതൽ പുനഃസംഘടന നടത്തി 2019ലെ പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കണമെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഒരുക്കത്തിെൻറ ഭാഗമായ മാനേജ്മെൻറ് കമ്മിറ്റികൾ അടുത്ത മാർച്ചോടെ നിലവിൽ വരും. ഇതിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് നിർദേശം.
എം.ടി. രമേശിനെതിരായ പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് ചുമതലകളിൽനിന്ന് മാറ്റിയ മുൻ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഉൾെപ്പടെയുള്ളവർ തിരിച്ചെത്തിയേക്കും. സംസ്ഥാന നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണികളുണ്ടാകില്ലെങ്കിലും സഹഭാരവാഹികളിൽ പലർക്കും മാറ്റമുണ്ടായേക്കും. ചില വക്താക്കൾ പരാജയമാണെന്ന കാര്യം നേതൃത്വംതന്നെ സമ്മതിക്കുന്നുണ്ട്. അവർക്ക് സ്ഥാനചലനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.