ട്രെയിനില്‍ തീകൊളുത്തിയ സംഭവം: കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് വി.ഡി സതീശൻ

കൊച്ചി: ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണത്തിലാണ് കണ്ടെത്തേണ്ടത്. ഗൗരവതരമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ആര്‍ക്കെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രഥമികഘട്ടത്തില്‍ പറയുന്നത് ശരിയല്ല. ആദ്യം അന്വേഷണം നടക്കട്ടേ.

സംസ്ഥാനത്ത് പൊലീസിനെ അഴിച്ച് വിട്ടിരിക്കുകയാണ്. പൊലീസുമായി ബന്ധപ്പെട്ട് എന്തുണ്ടായാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊച്ചിയില്‍ മാത്രം ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീരുന്നില്ല. തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്.എച്ച്.ഒ പതിനെട്ടുകാരനെയാണ് ക്രൂരമായി മർദിച്ചത്. ആ ചെറുപ്പക്കാരന് ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ല.

ജീവിതകാലത്തേക്ക് മുഴുവന്‍ നീ അനുഭവിക്കാനുള്ളത് തന്നിട്ടുണ്ടെന്നാണ് എസ്.എച്ച്.ഒ പറഞ്ഞത്. എത്ര പ്രയാസപ്പെട്ടാണ് ഓരോരുത്തരും മക്കളെ വളര്‍ത്തുന്നത്. പൊലീസുകാര്‍ക്ക് മേയാനുള്ളതാണോ കുഞ്ഞുങ്ങളെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയിലെ അറിയപ്പെടുന്ന ക്രിമിനലുകളോടും ഗുണ്ടകളോടും പൊലീസിന് ഈ സമീപനമില്ല.

പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും ഗുണ്ടകള്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പങ്ക് പറ്റുന്നവരാണ്. പതിനെട്ടുകാരനെതിരായ ആക്രമണത്തില്‍ ഞാന്‍ തന്നെ നേരിട്ട് കമ്മീഷണറോട് പരാതി പറഞ്ഞത്. അന്ന് അന്വേഷണം നടത്തി നടപടി എടുത്തിരുന്നെങ്കില്‍ പിന്നീടൊരു കസ്റ്റഡി കൊലപാതകം കൂടി നടക്കില്ലായിരുന്നു.

കസ്റ്റഡി കൊലപാതകത്തിലും ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. വഴിയിലൂടെ പോയ ഒരാളെ ജീപ്പിലിട്ടും സ്റ്റേഷനിലിട്ടുമാണ് മര്‍ദ്ദിച്ച് കൊന്നത്. ഇപ്പോള്‍ വഴിയില്‍ നാരങ്ങാ വെള്ളം കുടിച്ച് നിന്ന, ഒരു ദുസ്വഭാവവും ഇല്ലാത്ത ചെറുപ്പക്കാരനെയാണ് ലാത്തി ഒടിയുന്നത് വരെ ക്രൂരമായി മര്‍ദ്ദിച്ചത്.

കമീഷണര്‍ നോക്ക് കുത്തിയെ പോലെ നില്‍ക്കുകയാണ്. അദ്ദേഹം കമീഷണര്‍ സ്വന്തം കസേരയില്‍ മരപ്പാവയെ പോലെയാണ് ഇരിക്കുന്നത്. ഈ കുഞ്ഞുങ്ങള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതരുത്. എല്ലാ ഒറ്റപ്പെട്ട സംഭവമാണെന്ന് പറയുന്ന, ആഭ്യന്തര മന്ത്രി കസേരയില്‍ ഇരിക്കുന്ന മാഹാന്‍ ഇതേക്കുറിച്ച് ഗൗരവതരമായി അന്വേഷണം നടത്തണം. ക്രിമിനലുകളുടെ ജോലിയാണ് പൊലീസ് ചെയ്യുന്നത്. അതിനെ ചോദ്യം ചെയ്യാന്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രിയെ വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തുന്നു.

ക്രിമിനിലുകളോടും ഗുണ്ടകളോടും കാണിക്കേണ്ടതാണ് പൊലീസ് പാവങ്ങളോട് കാണിക്കുന്നത്. ഗൗരവതരമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആ കുടുംബങ്ങള്‍ക്ക് നിയമപരമായ മാര്‍ഗങ്ങള്‍ തേടാനുള്ള എല്ലാ പിന്തുണയും നല്‍കും. ഇതൊരു രാഷ്ട്രീയ വിഷയമായല്ല പ്രതിപക്ഷം കാണുന്നത്.

ജനകീയ സമരങ്ങളെയും ക്രൂരമായാണ് പൊലീസ് നേരിടുന്നത്. ജനപ്രതിനിധികളുടെ തലയ്ക്കടിക്കുകയാണ്. തൃക്കാക്കര എം.എല്‍.എ ഉള്‍പ്പെടെയുള്ള വനിതാ ജനപ്രതിനിധികള്‍ നില്‍ക്കുമ്പോള്‍ വളരെ മോശമായാണ് പൊലീസ് പെരുമാറിയത്. ഇത്തരം പൊലീസുകാര്‍ സൂക്ഷിച്ച് സംസാരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. മെക്കിട്ട് കയറാന്‍ ആരാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. ഇത്തരക്കാര്‍ക്ക് അവസാനം ആരും ഉണ്ടാകില്ലെന്നോര്‍ക്കണമെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - Train arson incident: Central state agencies should investigate VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.