പിന്താങ്ങിയവരുടെ ഒപ്പ് വ്യാജം', കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യു.ഡി.എഫ് പരാതി

കോട്ടയം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി യു.ഡി.എഫ് രംഗത്ത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നാണ് യു.ഡി.എഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് കലക്ടർ നിർദേശം നൽകി. പത്രിക തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകീട്ട് നാലോടെയുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

ഫ്രാൻസിസ് ഇ. ജോർജിനായി പത്രികയിൽ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെ പത്ത് വോട്ടർമാരാണെന്നും ഈ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടിക നോക്കി പകർത്തിയതാണെന്നും ഒപ്പുകൾ വ്യാജമെന്നും യു.ഡി.എഫ് ആരോപിച്ചു. കൂവപ്പള്ളിക്കാരൻ ഫ്രാൻസിസ് ജോർജിന്റെ പത്രികയിലെ ഒപ്പുകളിലും യു.ഡി.എഫ് സംശയം ഉന്നയിച്ചു.

'ഫ്രാൻസിസ് ജോർജു'മാരുടെ പിന്നിൽ എൽ.ഡി.എഫാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോജ് ആരോപിച്ചു. സി.പി.എം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജുമാണ് പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നാണ് ആരോപണം.

രണ്ട് അപരന്മാരുടെയും സ്ഥാനാർഥിത്വം യു.ഡി.എഫിന് വെല്ലുവിളിയാണ്. ജനാധിപത്യം അട്ടിമറിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും എൽ.ഡി.എഫിന് പരാജയ ഭീതിയെന്നും യു.ഡി.എഫ് സ്ഥാനാർഥി പറഞ്ഞു. അപരന്മാരെ നിർത്തിയത് എൽ.ഡി.എഫ് അല്ലെങ്കിൽ ഇരുവരെയും പാർട്ടികളിൽ നിന്ന് പുറത്താക്കണമെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Tags:    
News Summary - UDF complains that 'signatures of those who backed out are fake', Kottayam should reject the papers of Francis George's others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.