പൊലീസിനെ നിര്‍വീര്യമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി.ഡി.സതീശൻ

കൊച്ചി : പൊലീസിനെ നിര്‍വീര്യമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസ് പോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പൊലീസിനെ വിട്ടു കൊടുത്തിരിക്കുകയാണ്. ഡി.ഐ.ജിക്കും ഐ.ജിക്ക് പകരം എസ്.പിയെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയാണ്.

എസ്.എച്ച്.ഒയെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ഏരിയാ സെക്രട്ടറിയും. ഏരിയാ സെക്രട്ടറി പറയുന്നത് കേട്ടില്ലെങ്കില്‍ എസ്.എച്ച്.ഒയെ മാറ്റും. പൊലീസുകാര്‍ക്ക് പാര്‍ട്ടിക്കാരോട് മാത്രമാണ് ബാധ്യത. പാര്‍ട്ടിക്കാര്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വരെ ഒത്താശ ചെയ്യുകയാണ്. അതിനെ പോലീസ് നോക്കി നില്‍ക്കുകയാണ്. ഗുണ്ടാ സംഘങ്ങള്‍ സി.പി.എം നേതാക്കള്‍ക്ക് കീഴില്‍ തഴച്ച് വളരുകയാണ്. അവിടെയെല്ലാം പൊലീസ് നോക്കുകുത്തിയാണ്.

പൊലീസിന് അഴിഞ്ഞാടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതിക്കാര്‍ക്ക് പോലും ചെല്ലാനാകാത്ത അവസ്ഥയാണ്. സൈനികനെയാണ് പൊലീസ് ആക്രമിച്ചത്. കാഞ്ചി വലിക്കാന്‍ വിരല്‍ കാണില്ലെന്നാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനെ ഡി.വൈ.എഫ്.ഐ നോതാവ് നിലത്തിട്ട് ചവിട്ടിക്കൂട്ടി.

ശക്തമായ നടപടി സ്വീകരിച്ച കമീഷണറെ സി.പി.എം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി. ഇതല്ല പൊലീസ് നയമെന്നാണ് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. അപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി എവിടെ പോയി? ജില്ലാ സെക്രട്ടറിയല്ല ഇവിടുത്തെ ആഭ്യന്തരമന്ത്രിയെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. പൊലീസിനെ വിരട്ടാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് അധികാരം കൊടുത്തിരിക്കുന്ന ഈ നാട്ടില്‍ ഇങ്ങനെയുള്ള പൊലീസിനെയേ കിട്ടൂ.

കേരള സര്‍വകലാശാല വി.സി നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സെർച് കമ്മിറ്റിയുമായി മുന്നോട്ടു പോകുമ്പോള്‍ സെനറ്റ് പ്രതിനിധിയെ നല്‍കാതെ കേരള സര്‍വകലാശാലയിലെ വി.സി നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കാണാത്ത രീതിയില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനും തെറ്റായ നടപടിക്രമങ്ങള്‍ക്കും കിട്ടിയ തിരിച്ചടിയാണ് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി.

Tags:    
News Summary - V. D. Satheesan said that Chief Minister Pinarayi Vijayan neutralized the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.