മാധ്യമ വാര്‍ത്തകൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യത തകരില്ലെന്ന് വി.ഡി സതീശൻ

കൊച്ചി: മാധ്യമ വാര്‍ത്തകൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യത തകരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള നേതാക്കളുടെ നിലപാടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ രണ്ടു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ മനപൂര്‍വമായി ഉണ്ടാക്കിയ കൃത്രിമ വാര്‍ത്തയാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സീതാറാം യെച്ചൂരിയും തമ്മില്‍ സംസാരിക്കാത്ത കാര്യങ്ങളാണ് സംസാരിച്ചെന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.

ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് എ.ഐ.സി.സി വാര്‍ത്താക്കുറിപ്പ് നല്‍കിയിട്ടും ചില മാധ്യമങ്ങള്‍ അതേവാര്‍ത്ത ആവര്‍ത്തിച്ചു. ഭരണഘടനാ വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാല്‍ സി.പി.എമ്മിനേക്കാള്‍ മുന്‍പന്തിയില്‍ നിന്ന് കോണ്‍ഗ്രസ് എതിര്‍ക്കും. ഗവര്‍ണര്‍ക്കെതിരായ കോണ്‍ഗ്രസ് നിലപാട് വിഷയാധിഷ്ഠിതമാണ്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കൂട്ടുകച്ചവടമാണ് സുപ്രീം കോടതിയില്‍ പൊളിഞ്ഞത്. യു.ഡി.എഫ് നിലപാടാണ് കോടതിയില്‍ ജയിച്ചത്. ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെയെന്ന പേരില്‍ സി.പി.എം സംഘടിപ്പിക്കുന്ന സമരം യഥാര്‍ഥത്തില്‍ സുപ്രീം കോടതിക്കെതിരെയാണ്. നിയമനങ്ങളൊക്കെ ശരിയാണെന്നാണ് സര്‍ക്കാരിനൊപ്പം നിന്ന ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. അപ്പോള്‍പ്പിന്നെ എല്‍.ഡി.എഫ് സമരം ഗവര്‍ണര്‍ക്കെതിരെയാകുന്നത് എങ്ങനെയാണെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - V. D. Satheesan said that the credibility of Congress leaders will not be damaged by media reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.