വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ പോരാടുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധിയെന്ന് വി.ഡി സതീശൻ

ആലപ്പുഴ:വര്‍ഗീയതക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവര്‍ക്ക് ആവേശം നല്‍കുന്ന ജനവിധിയാണ് കാര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ ജനവിധി കര്‍ണാടകത്തിന്റെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തില്‍ സര്‍വസന്നാഹങ്ങളോടെ പോരാടിയിട്ടും വന്‍വിജയമാണ് കോണ്‍ഗ്രസ് നേടിയെടുത്തത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയത്. വര്‍ഗീയതക്കും വിദ്വേഷത്തിനുമെതിരെ പോരാട്ടം നടത്തിയതിനും ചോദ്യങ്ങള്‍ ചോദിച്ചതിന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കാനും ജയിലില്‍ അടക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിത്.

മോദിയും അദാനിയും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ശക്തികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് അങ്ങ് ഒറ്റക്കല്ല ഞങ്ങളും ഒപ്പമുണ്ടെന്ന ഇന്ത്യയുടെ പ്രതീകവും ഐക്യദാര്‍ഡ്യവുമാണ് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം.

40 ശതമാനം കമീഷന്‍ സര്‍ക്കാര്‍ എന്നതായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച മുദ്രാവാക്യം. കേരളത്തില്‍ ലൈഫ് മിഷനില്‍ 45 ശതമാനവും അഴിമതി ക്യാമറയില്‍ 65 ശതമാനവുമായിരുന്നു കമീഷന്‍. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള കമീഷനാണിത്. മൂന്നില്‍ രണ്ട് ഭാഗം കമീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തും.

Tags:    
News Summary - V. D Satheesan said that the people's verdict gives enthusiasm to those fighting against communalism and fascism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.