ശിക്ഷ വിധിച്ച കേസില്‍ സുധാകരനെതിരെ മൊഴിയുണ്ടെന്ന് പറയുന്നത് സാമാന്യനിയമ ബോധമുള്ളവര്‍ക്ക് വിശ്വാസിക്കാനാകില്ലെന്ന് വി.ഡി സതീശൻ

കൊച്ചി: വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസില്‍ സുധാകരനെതിരെ മൊഴിയുണ്ടെന്ന് പറയുന്നത് സാമാന്യനിയമ ബോധമുള്ളവര്‍ക്ക് വിശ്വാസിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.വി ഗോവിന്ദന്‍ പറയുന്നത് പോലെ കെ സുധാകരനെതിരെ പെണ്‍കുട്ടിയുടെ മൊഴിയുണ്ടെങ്കില്‍ വിചാരണ സമയത്ത് എന്തുകൊണ്ട് ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

മൊഴിയുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ സുധാകരനെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തണമായിരുന്നു. കേസില്‍ ശിക്ഷയും വിധിച്ചതിനു ശേഷം സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് ദേശാഭിമാനി വെളിപ്പെടുത്തിയത് ദേശാഭിമാനിക്ക് എപ്പോഴെങ്കിലും വെളിപാടുണ്ടായതായിരിക്കും. മറ്റാര്‍ക്കും അത് വിശ്വസിക്കാനാകില്ല. പത്ത് കോടി കൊടുത്തയാള്‍ 25 ലക്ഷം കൊടുത്തത് സുധാകരന്റെ വിശ്വാസത്തിലാണെന്നതും ശരിയല്ല. ഒരു യുക്തിയും വസ്തുതയും ഇല്ലാത്ത കേസാണത്.

സര്‍ക്കാരിന്റെ സമനില തെറ്റിയിരിക്കുകയാണ്. ഇന്നലെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെങ്കില്‍ ആരോ സ്വാധീനിച്ചുവെന്ന് വേണം മനസിലാക്കാന്‍. ഇങ്ങനെയൊരു മൊഴിയുണ്ടെങ്കില്‍ വിധിക്ക് മുന്‍പ് കോടതിയെ അറിയിക്കണമായിരുന്നു. കള്ളത്തരം ചെയ്യുമ്പോള്‍ ഒരുപാട് ലൂപ് ഹോള്‍സുണ്ടാകും. മുഖ്യമന്ത്രി ആരോപണത്തിന്റെ ശരശയ്യയില്‍ കിടക്കുമ്പോള്‍ പ്രതിപക്ഷത്തെ കുറച്ച് പേര്‍ക്കെതിരെ കൂടി ആരോപണങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും മാധ്യമങ്ങള്‍ക്കുമെതിരെ കള്ളക്കേസുകളെടുക്കുന്നത്. എല്‍.ഡി.എഫിലെ ഘടകകക്ഷി നേതാവ് കൂടിയായ എം.വി ശ്രേയാംസ് കുമാര്‍ പോലും സര്‍ക്കാരിന്റെ ഗൂഡാലോചനക്കെതിരെ പ്രതികരിച്ചു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്ന ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണമില്ല.

പരീക്ഷ എഴുതാത്ത നേതാവ് ജയിച്ചെന്ന വാര്‍ത്ത കൊടുത്തതിനാണ് അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തത്. അങ്ങനെ കേസെടുക്കാന്‍ ഇത് വെള്ളരിക്കാപട്ടണമാണോയെന്നും സതീശൻ ചോദിച്ചു. കെ.എം.എം.എല്ലില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന വാര്‍ത്ത കൊടുത്തതിനാണ് മനോരമ ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്തിനെതിരെ കേസെടുത്തിരിക്കുന്നത്. വാര്‍ത്ത എങ്ങനെ ചോര്‍ന്നുവെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. നാണംകെട്ട പണിയാണ് പൊലീസ് ചെയ്യുന്നത്. ഇല്ലാത്ത കേസെടുക്കുകയെന്ന പണിയാണ് ചെയ്യുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു ചേരിയില്‍ നിന്നും തീവ്രവലതുപക്ഷത്തേക്ക് സി.പി.എം വ്യതിചലിച്ചിരിക്കുകയാണ്. മോദി ലൈനിലക്ക് പാര്‍ട്ടി മാറിയത് എം.വി ഗോവിന്ദന് കണ്ടിട്ടും മനസിലായില്ലെങ്കില്‍ പിന്നെ എന്ത് പറയാന്‍ പറ്റുമെന്നും സതീശൻ ചോദിച്ചു. 

Tags:    
News Summary - V. D. Satheesan says that common law sense cannot believe that there is a statement against Sudhakaran in the sentencing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.