വണ്ടിപ്പെരിയാര്‍ ആക്രമണം; പൊലീസ് പാര്‍ട്ടിക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്ന് വി.ഡി സതീശൻ

മലപ്പുറം: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് എതിരായ ആക്രമണത്തിൽ പൊലീസ് പാര്‍ട്ടിക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനെ പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഞങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്.

കുഞ്ഞിനെ നഷ്ടപ്പെടുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തതിന് പിന്നാലെയാണ് പിതാവിനെയും കുടുംബാംഗങ്ങളെയും പ്രതിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. പൊലീസ് നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ വെറുതെ വിട്ടത്.

ഉത്തര്‍പ്രദേശിലേതു പോലെ ഇരകളുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്രമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നോര്‍ത്ത് തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ്. ഇത്തരം അക്രമസംഭവങ്ങള്‍ അനുവദിക്കാന്‍ പാടില്ല. ദൗര്‍ഭാഗ്യവശാല്‍ പൊലീസ് പാര്‍ട്ടിക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്ന ദയനീയ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.

മകളെ മാപ്പ് എന്ന പേരില്‍ കെ.പി.സി.സി നാളെ വണ്ടിപ്പെരിയാറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും ദീപാദസ് മുന്‍ഷിയും പങ്കെടുക്കും.

ആളുകളെ ആക്ഷേപിക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ എം.എം മണിയെ പോലുള്ളവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സജി ചെറിയാനും എം.എം മണിയും എല്ലാവരെയും ആക്ഷേപിക്കും. രാഷ്ട്രീയം എന്നത് സംവാദമാണ്. അത് നടക്കട്ടെ. അല്ലാതെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കേണ്ട കാര്യമില്ല.

എന്നാല്‍ തെറി അഭിഷേകത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. കള്ള് നല്‍കി തെറിവിളിക്കാനായി വീടുകള്‍ക്ക് മുന്നിലേക്ക് ചട്ടമ്പിമാരെ അയയ്ക്കുന്നതു പോലെയാണ് ഇതും. ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നത്.

ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് ആര്‍ക്ക് അറിയാം. അനാവശ്യമായ ഹര്‍ത്താലുകള്‍ ഒന്നും നടത്തരുത്. ഇപ്പോള്‍ തന്നെ ജനജീവിതം ദുരിതപൂര്‍ണമാണ്. കേരളത്തിന്റെ സ്ഥിതി പരമദയനീയമാണ്. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കാതെ നടത്തുന്ന ഹര്‍ത്താലുകളോട് ഒരു യോജിപ്പുമില്ലെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - Vandiperiyar attack; VD Satheesan says that the police are supporting the party members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.