സി.പി.എം- ബി.ജെ.പി എന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ടെന്ന് വി.ഡി. സതീശൻ

ആറ്റിങ്ങൽ: സി.പി.എം- ബി.ജെ.പി എന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോര്‍ട്ട് എന്നതില്‍ എം.വി. ഗോവിന്ദന് എന്തെങ്കിലും സംശയമുണ്ടോ? പതിനൊന്ന് കൊല്ലം മുന്‍പ് കോവളത്ത് നടന്ന നിരാമയ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്തിരുന്നു.

വൈദേകം റിസോര്‍ട്ടുമായി ഇ.പി. ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. അഡൈ്വസറാണെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. റിസോര്‍ട്ട് നടത്തിപ്പിന് അഡൈ്വസ് നല്‍കുന്നതില്‍ ജയരാജന്‍ എന്നാണ് എകസ്‌പെര്‍ട്ടായത്? നിരാമയ റിസോര്‍ട്ടും തമ്മില്‍ ഒരു കാരാറുണ്ട്. ആ കരാര്‍ അനുസരിച്ച് വൈദേകത്തിന്റെ നടത്തിപ്പ് ചുമതല നിരാമയക്കാണ്. ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോര്‍ട്ട് എന്നാണ്. ഇത്രയും തെളിവുകള്‍ മതിയോ എം.വി. ഗോവിന്ദന് -പ്രതിപക്ഷ നേതാവ് ചോദിച്ചു.

കരാര്‍ ഒപ്പുവച്ചതിന് ശേഷം നിരാമയയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇ.പി. ജയരാജന്റെ കുടുംബം നില്‍ക്കുന്നതിന്റെ ചിത്രവുമുണ്ട്. രാജീവ് ചന്ദ്രശേഖറോ ഇ.പി. ജയരാജനോ ഇക്കാര്യം നിഷേധിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ഇ.പി. ജയരാജനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ കൂടിയാലോചന നടത്തിയെന്ന ആരോപണം ഞങ്ങളും ഉന്നയിച്ചിട്ടില്ല.

പക്ഷെ രണ്ടു പേരുടെയും സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ട്. ആ കരാറിനെ തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. സി.പി.എം- ബി.ജെ.പി എന്നു പറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോര്‍ട്ട് എന്ന പേര് മാറ്റം. ഇനിയും കൂടുതല്‍ തെളിവ് വേണമെങ്കില്‍ കേസ് കൊടുക്കട്ടെ. കോടതിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാം.

സി.പി.എം കേന്ദ്ര കമ്മിറ്റിഅംഗവുമായ ഇ.പി. ജയരാജനുമായി ബന്ധമുള്ള സ്ഥാപനവും ബി.ജെ.പിയുടെ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെയും സ്ഥാപനവും തമ്മില്‍ കരാറുണ്ടാക്കി ഒന്നിച്ചാണ് കച്ചവടം നടത്തുന്നതെന്നാണ് ആദ്യം മുതല്‍ക്കെ ഉന്നയിച്ച ആരോപണം. ഇന്‍കം ടാക്‌സ്, ഇ.ഡി പരിശോധനകള്‍ നടന്നതിന് പിന്നാലെയാണ് ഈ കരാറുണ്ടാക്കിയത്. ഇതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും നിലച്ചു. ഇ.പി. ജയരാജന്‍ ബുദ്ധിപൂര്‍വകമായ ഇടപെടലാണ് നടത്തിയത്. ഇതൊക്കെ ആര്‍ക്കാണ് നിഷേധിക്കാന്‍ പറ്റുന്നത്. നിരാമയ അദ്ദേഹത്തിന്റേത് അല്ലെന്ന് രാജീവ് ചന്ദ്രശേഖരന്‍ പറയട്ടെ.

പല മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും ബി.ജെ.പിയുടെ പല സ്ഥാനാർഥികളും മികച്ചതാണെന്നുമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. കെ. സുരേന്ദ്രനോ ബി.ജെ.പിക്കാരോ പറയാത്തതാണ് ജയരാജന്‍ പറഞ്ഞത്. കേന്ദ്രത്തിലെ ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്.

തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കും. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. എവിടെ പോയി കരുവന്നൂരിലെ ഇ.ഡി അന്വേഷണം. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മുകാരെ വിരട്ടി നിര്‍ത്തിയിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാലും തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. കേരളത്തില്‍ ഒരിടത്തും ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. മാസപ്പടി, ലാവലിന്‍ കേസുകളിലെ അന്വേഷണത്തെ ഭയപ്പെടുന്ന പിണറായി വിജയന്‍ ബി.ജെ.പിക്ക് ഇല്ലാത്ത സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാണ്. അത് കേരളത്തില്‍ നടക്കില്ല.

രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതില്‍ പ്രതിഷേധമുണ്ടെങ്കില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സി.പി.എം സ്ഥാനാർഥികളെ പിന്‍വലിക്കാന്‍ സി.പി.എം തയാറുണ്ടോ? വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന സി.പി.എമ്മാണ് നരേന്ദ്ര മോദിയെ തഴെയിറക്കാന്‍ നടക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said Niramaya-Vaidekam Resort is like CPM-BJP.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.