കലാപ ആഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കലാപ ആഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം.

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന ചെറുപ്പക്കാരോട് സര്‍ക്കാര്‍ എത്ര ക്രൂരമായാണ് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് കടന്നു കയറി അമ്മയുടെയും പെങ്ങളുടെയും മുന്നില്‍ വച്ച് ബെഡ്‌റൂമില്‍ നിന്നും അറസ്റ്റു ചെയ്തുള്ള നാടകം. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഇല്ലാതാക്കിക്കളയാമെന്ന ദിവാസ്വപ്‌നത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം. അങ്ങനെയെങ്കില്‍ ചെടിച്ചട്ടി കൊണ്ടും ഹെല്‍മറ്റ് കൊണ്ടും ഇരുമ്പ് വടി കൊണ്ടും യൂത്ത് കോണ്‍ഗ്രസുകാരെ വധിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ട സംഭവം രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും കാരണം പിണറായി വിജയന്റെ കലാപ ആഹ്വാനമാണ്.

തലക്ക് അടിയേറ്റ് ആശുപത്രിയില്‍ നാലഞ്ച് ദിവസ കഴിഞ്ഞ ശേഷമാണ് രാഹുലിനെ ഡിസ്ചാര്‍ജ് ചെയ്തത്. അതിന് മുമ്പ് രാഹുല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ജയില്‍ സന്ദര്‍ശനം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. അപ്പോഴൊന്നും അറസ്റ്റു ചെയ്യാതെ വീട്ടില്‍ കയറി അറസ്റ്റു ചെയ്യണമെന്നത് രാഷ്ട്രീയ തീരുമാനമാണ്. അത്രമാത്രം പകയും വിദ്വേഷവുമാണ് പിണറായിക്ക്. വാര്‍ത്താമാധ്യമങ്ങളിലൂടെ പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചതിലുള്ള വൈരാഗ്യവും വിരോധവുമാണ് അറസ്റ്റിലൂടെ തീര്‍ത്തത്.

ഇങ്ങനെ വൈരാഗ്യം തീര്‍ത്താല്‍ മുഖ്യമന്ത്രിയുടെ മനസിന് സുഖം കിട്ടുമായിരിക്കും. ഇന്നലെ വെളുപ്പാന്‍ കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമല്ല, കേരളത്തിലെ യുവചൈതന്യത്തെ മുഴുവനായാണ് പിണറായിയുടെ പൊലീസ് ഉണര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസിനെയും യു.ഡി.എഫ് യുവജനസംഘടനകളെയും യു.ഡി.എഫിനെയും കുറെക്കൂടി ഊര്‍ജ്ജസ്വലമാക്കി എന്നതാണ് രാഹുലിന്റെ അറസ്റ്റിലൂടെ ഉണ്ടായത്.

രാഹുലിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്ത് ജയിലില്‍ കൊണ്ടു വരുന്നതു വരെ കന്റോണ്‍മെന്റ് എസ്.എച്ച്.ഒ മോശമായും ക്രൂരമായുമാണ് പെരുമാറിയത്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോട് പെരുമാറാന്‍ പാടില്ലാത്ത ഭാഷയിലും രീതിയിലുമാണ് അയാള്‍ പെരുമാറിയത്. അതേക്കുറിച്ച് മറ്റൊന്നും പറയുന്നില്ല. ഇതൊന്നും സമരം ചെയ്തതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കളോടും പ്രവര്‍ത്തകരോടും കാട്ടേണ്ട സമീപനമല്ല.

ഏറ്റവും കൂടുതല്‍ സമരം ചെയ്ത പാര്‍ട്ടിയുടെ നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ സമരങ്ങളോടും പ്രതിഷേധങ്ങളോടും കാട്ടുന്ന വിരോധവും വിദ്വേഷവും അധികാരത്തിന്റെ ധിക്കാരത്തിലും ധാര്‍ഷ്ട്യത്തിലുമുള്ളതാണ്. ഇതൊന്നും കണ്ട് ഞങ്ങള്‍ പിന്‍മാറില്ല. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സിംഹാസനത്തില്‍ നിന്നും പിണറായിയെ താഴെ ഇറക്കുന്നതു വരെ ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പോരാടും.

നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സമ്മറിയെയാണോ എം.വി ഗോവിന്ദന്‍ വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് പറയുന്നത്. എവിടുന്ന് വിവരം കിട്ടിയിട്ടാണ് ഇതൊക്കെ പറയുന്നത്. സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണ് എം.വി ഗോവിന്ദന്‍. ഒരാളുടെ അസുഖം സംബന്ധിച്ചുള്ള രേഖ വ്യാജരേഖയാണെന്ന് പറയാനുള്ള അത്രയും വിവരക്കേടാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാട്ടുന്നത്. ഇവരൊക്കെയാണല്ലോ ഇതിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD Satheesan said that a case should first be filed against the Chief Minister for the Kalapa call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.