മാന്യമാരെ ചീത്ത വിളിക്കാന്‍ കള്ളും നല്‍കി ആളെ വിടുന്നതു പോലെയാണ് എം.എം മണിയെ സി.പി.എം വിട്ടതെന്ന് വി.ഡി സതീശൻ

പത്തനംതിട്ട: മാന്യമാരെ ചീത്ത വിളിക്കാന്‍ അവരുടെ വീടിന് മുന്നിലേക്ക് കള്ളും നല്‍കി ആളെ വിടുന്നതു പോലെയാണ് എം.എം മണിയെ സി.പി.എം വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എം മണിയെ ഇറക്കി നേതാക്കളെ അധിക്ഷേപിക്കുന്നത് സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവവും ബിസിനസ് ബന്ധവും മറക്കാനാണ്. പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും അറിവോടെയാണ് എം.എം മണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെയും യു.ഡി.എഫ് സ്ഥാനാർഥി ഡീന്‍ കുര്യാക്കോസിനെയും അധിക്ഷേപിച്ചത്.

എന്തും പറയാന്‍ മടിക്കാത്ത ആളാണ് എം.എം മണി. സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവവും സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള ബിസിനസ് ബന്ധങ്ങളുമാണ് ചര്‍ച്ച. ആ ചര്‍ച്ചയില്‍ നിന്നും വഴി തിരിക്കാനാണ്, മാന്യമാരെ ചീത്ത വിളിക്കാന്‍ അവരുടെ വീടിന് മുന്നിലേക്ക് കള്ളും നല്‍കി ആളെ വിടുന്നതു പോലെ എം.എം മണിയെ സി.പി.എം വിട്ടത്. മണിയെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാനോ സി.പി.എം തയാറാകണം. പി.ജെ കുരന്യനെ പോലുള്ള രാഷ്ട്രീയ നേതാവിനെ നിലവാരം കുറഞ്ഞ വര്‍ത്തമാനം പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. അതിനെതിരെ ശക്തിയായി പ്രതിഷേധിക്കും.

സി.പി.എം-ബി.ജെ.പി നേതാക്കളുടെ ബന്ധവം കൂടുതല്‍ തുറന്നു കാട്ടും. ആര്‍.എസ്.എസ് നേതാക്കളുമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയ ആളാണ് പിണറായി വിജയന്‍. ചര്‍ച്ചയ്ക്ക് ഇടനിലക്കാരനായിരുന്ന ശ്രീ എമ്മിന് നാലേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. 1977 ല്‍ ആദ്യമായി പിണറായി വിജയന്‍ എം.എല്‍.എ ആയതും ആര്‍.എസ്.എസ് പിന്തുണയിലാണ്.

എല്ലാകാലവും ആര്‍.എസ്.എസുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പിണറായി വിജയന്‍. ആ ബന്ധം ഇപ്പോള്‍ ഊട്ടിയുറപ്പിക്കുകയാണ്. ഇവര്‍ തമ്മിലുള്ള ബാന്ധവമാണ് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു നിന്നാലും യു.ഡി.എഫ് അവരെ തോല്‍പിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നും തൃശൂരിലും വടകരയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസിനെ എന്തുവില കൊടുത്തും തോല്‍പ്പിക്കുമെന്നുമാണ് സുരേന്ദ്രന്‍ വാശിയോടെ പറഞ്ഞത്.

സി.പി.എമ്മിനെ ജയിപ്പിക്കാന്‍ ബി.ജെ.പിയും ബി.ജെ.പിയുടെ ചില സ്ഥാനാർഥികളെ ജയിപ്പിക്കാന്‍ സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. ഈ അവിശുദ്ധ ബാന്ധവത്തിന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ടമറുപടി നല്‍കും. വിശ്വാനാഥ മേനോനും അല്‍ഫോണ്‍സ് കണ്ണന്താനവും സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് പിണറായി പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ്. ആദ്യമായി ഏറ്റവും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയതും സി.പി.എമ്മില്‍ നിന്നാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.

Tags:    
News Summary - VD Satheesan said that MM Mani was released from the CPM just like a person was released with a lie to call respectable people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.